വിദേശ യാത്രകളിൽ ഇനി സിം ഒരു പ്രശ്നമാകില്ല; വാട്സ്ആപ്പിലൂടെ eSIM ഇൻസ്റ്റാൾ ചെയ്യാനുള്ള സംവിധാനം വരുന്നു

വിദേശയാത്രകളിൽ ഫോൺ ഉപയോഗം അനായാസമാക്കുന്ന പുതിയ പ്രഖ്യാപനവുമായി വാട്സ്ആപ്പ് മേധാവി കുനാൽ ഷാ. വാട്സ്ആപ്പിലൂടെ ഇനി വിദേശ യാത്രകൾക്കായി eSIM-കൾ വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ അനായാസം സാധിക്കുമെന്ന് കുനാൽ ഷാ X പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ഉപയോക്താക്കൾ ഇനി ലോകത്ത് എവിടെയായാലും ഒരു ഒരു തടസവുമില്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാം. ഇതിനായി മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്ലാറ്റ്ഫോം eSIM അവതരിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്’ - കുനാൽ ഷാ വ്യക്തമാക്കി. റിലയൻസ് ജിയോ, സ്മാർട്ട് ആക്സിയാറ്റ, സ്മാർട്ട് കമ്മ്യൂണിക്കേഷൻസ്, വെരിസോൺ എന്നിവയുൾപ്പെടെയുള്ള eSIM ദാതാക്കളുമായും ടെലികോം ഓപ്പറേറ്റർമാരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.
എന്താണ് വാട്സ്ആപ്പിന്റെ eSIM ഫീച്ചർ?
വിദേശ യാത്രികർ എയർപോർട്ടിൽ ഇറങ്ങിയ ഉടൻ ഒരു ഇന്റർനാഷണൽ സിം എടുക്കുകയാണ് ആദ്യം ചെയ്യാറുള്ളത്. എന്നാൽ കണക്ഷൻ ലഭിക്കുന്നതിന് പലപ്പോഴും കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നേക്കാം. ലോക്കൽ ഷോപ്പുകളെ ആശ്രയിച്ചോ ആപ്പ് വഴിയോ ആണ് സിം ലഭ്യമാകാറുള്ളത്.
എന്നാൽ ഇനി ഇതെല്ലാം വാട്സ്ആപ്പിലെ ഏതാനും ക്ലിക്കുകളിലൂടെ സാധ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഒരു സന്ദേശം അയക്കുന്നത് പോലെ ഇത് വളരെ എളുപ്പമായിരിക്കുമെന്ന് വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഈ ഫീച്ചർ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഉടൻ ലഭ്യമായി തുടങ്ങും, നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ അത് ആപ്പിൽ കാണാൻ സാധിക്കും.
eSIM പിന്തുണയുള്ള ഫോൺ വേണം
വാട്സ്ആപ്പിൽ ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ eSIM പിന്തുണയുള്ള ഫോൺ ആവശ്യമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ യാത്രാ ലക്ഷ്യസ്ഥാനം നൽകി അനുയോജ്യമായ eSIM പ്ലാനുകൾക്കായി വാട്സ്ആപ്പിൽ തിരയാൻ കഴിയും. ഫിക്സഡ്-ഡാറ്റ, അൺലിമിറ്റഡ് പ്ലാനുകൾ എന്നിവ ലഭ്യമായ ഓപ്ഷനുകളിൽ ഉൾപ്പെടാം. ചില പ്രാദേശിക പ്ലാനുകൾ ലഭ്യമാകാനും സാധ്യതയുണ്ട്.
Content Highlights: WhatsApp is exploring an in-app eSIM purchasing feature for international travelers., Partnering with providers like Reliance Jio and Verizon to offer fixed and unlimited data plans., Users will be able to search, buy, and manage travel eSIMs directly within the WhatsApp app., Requires an eSIM-compatible smartphone to activate.