ട്രംപിന്റെ പുതിയ ടി1 സ്മാര്‍ട്‌ഫോണിന് 'മേഡ് ഇന്‍ അമേരിക്ക' ലേബലുണ്ടാവില്ല- കാരണമിതാണ്

T1 Smartphone | Photo: Trump Mobile
T1 Smartphone | Photo: Trump Mobile

ആപ്പിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികളോട് യുഎസില്‍ വെച്ച് ഉത്പാദനം നടത്താന്‍ ആഹ്വാനം ചെയ്യുന്നയാളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അദ്ദേഹത്തിന്റെ ദി ട്രംപ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കാന്‍ പോവുന്ന പുതിയ ഫോണ്‍ 'മേഡ് ഇന്‍ അമേരിക്ക' ലേബലിലായിരിക്കില്ല വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേരത്തെ ട്രംപ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെട്ടത് പൂര്‍ണമായും അമേരിക്കയില്‍ രൂപകല്‍പന ചെയ്ത അമേരിക്കന്‍ നിര്‍മിതമായ ഫോണ്‍ ആയിരിക്കും ടി1 എന്നാണ്. എന്നാല്‍ ഈ വാഗ്ദാനം പാലിക്കാന്‍ സാധ്യത കുറവാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്.

അലബാമ, കാലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിന്നാവും ടി1 ഫോണിന്റെ നിര്‍മാണമെന്നാണ് സ്ഥാപനം പറയുന്നത്. എന്നാല്‍ ഫോണിന്റെ നിര്‍മാണ പങ്കാളികളെ കുറിച്ചും അനുബന്ധ ഭാഗങ്ങളുടെ ഉറവിടങ്ങളെ കുറിച്ചും കമ്പനി വ്യക്തമാക്കുന്നില്ല. അതായത് ഫോണിനകത്ത് ഉപയോഗിച്ചിരിക്കുന്ന മറ്റ് ഭാഗങ്ങള്‍ പൂര്‍ണമായും അമേരിക്കന്‍ നിര്‍മിതമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 'മേഡ് ഇന്‍ അമേരിക്ക' എന്ന ലേബല്‍ ഉപയോഗിക്കണമെങ്കില്‍ ടി1 ഫോണിലെ എല്ലാ ഭാഗങ്ങളും അമേരിക്കന്‍ നിര്‍മിതമായിരിക്കണം. 

പൂര്‍ണമായും യുഎസ് നിര്‍മിതമായ ഫോണ്‍ നിര്‍മിക്കുകയെന്നത് അസാധ്യമാണെന്നാണ് പ്യുരിസം സിഇഒ ടോഡ് വീവര്‍ പറയുന്നത്. പ്യൂരിസം പുറത്തിറക്കിയ ലിബ്രെം 5 ആണ് ലോകത്ത് മേഡ് ഇന്‍ അമേരിക്ക ലേബലില്‍ പുറത്തിറങ്ങിയ ഏക ഫോണ്‍. എന്നാല്‍ യുഎസില്‍ നിന്നുള്ള ഉത്പാദനത്തില്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയതോടെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ സവിശേഷതകളില്‍ കമ്പനിക്ക് സാംസങ്, ആപ്പിള്‍ പോലുള്ള കമ്പനികളുമായി മത്സരിക്കാന്‍ സാധിക്കാതെ വന്നു. 

ടി1 ഫോണിന്റെ സവിശേഷതകള്‍ ഇന്ന് വിപണിയിലുള്ള വിവോ, ഉമിഡിജി പോലുള്ള കമ്പനികളുടെ സ്മാര്‍ട്‌ഫോണുകളുമായി സാമ്യമുണ്ടെന്നാണ് നിരീക്ഷണം. അതായത് അധികം പ്രചാരമില്ലാത്ത ചൈനീസ് ബ്രാന്‍ഡുകളിലൊന്നിന്റെ സ്മാര്‍ട്‌ഫോണ്‍ റീബ്രാന്റ് ചെയ്ത പതിപ്പാകാം ട്രംപിന്റെ ടി1 ഫോണ്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. 

Content Highlights: Trump Organization`s T1 phone, despite claims, won`t be fully `Made in America`.