'സ്മാർട്ട്ഫോണുകൾ എഐയിലേക്കുള്ള കവാടം, എല്ലാവരിലേക്കും എത്തിക്കുക ലക്ഷ്യം' -സാംസങ് ഡയറക്ടർ

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള (AI) പ്രവേശനകവാടമായി സ്മാർട്ട്ഫോണുകൾ മാറുമെന്ന് സാംസങ് ഇന്ത്യ MX ബിസിനസ് ഡയറക്ടർ അക്ഷയ് ഗുപ്ത. കഴിയുന്നത്ര ആളുകളിലേക്ക് അതിന്റെ ഗുണഫലങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സാംസങ് ഡയറക്ടർ പറഞ്ഞു. സാംസങ് എ സീരീസിലെ പുതിയ ഫോണായ A17 5Gയുടെ ലോഞ്ചിനായി കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം.
'എഐയുടെ ജനാധിപത്യവത്ക്കരണമാണ് സാംസങ്ങിന്റെ പ്രാഥമിക ലക്ഷ്യം. അതിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണ് പുതിയ ഫോൺ. കഴിഞ്ഞ വർഷം തന്നെ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയിൽ വരുന്ന എ സീരീസിൽ ഞങ്ങൾ എഐ അവതരിപ്പിച്ചിരുന്നു. A17 അതിനിയും മുന്നോട്ട് കൊണ്ടുപോകും.' മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അക്ഷയ് ഗുപ്ത പറഞ്ഞു.
'18999 രൂപ മുതൽ ആരംഭിക്കുന്ന A17ൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലുള്ള എഐ സവിശേഷതകൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്,' ഗുപ്ത വ്യക്തമാക്കുന്നു. 'ഗ്യാലക്സി S25ൽ അവതരിപ്പിച്ച് ക്രോസ് ആപ്പ് എഐ (Cross App AI) A17ൽ ലഭ്യമാക്കിയിട്ടുണ്ട്. പവർ ബട്ടൺ അമർത്തി വോയ്സ് കമാൻഡ് നൽകിയാൽ വ്യത്യസ്ത ആപ്പുകൾ പ്രവർത്തിച്ച് നിങ്ങളാവശ്യപ്പെട്ട കാര്യം ചെയ്യും. ഗൂഗിൾ ജെമിനി (Google Gemini) വഴിയാണ് ഇത് സാധ്യമാകുന്നത്.'
സർക്കിൾ ടു സെർച്ച്, ഓഡിയോ ഇറേസർ, ഒബ്ജക്ട് ഇറേസർ തുടങ്ങിയ എഐ ഫീച്ചറുകളും സാംസങ് A17ൽ ഉണ്ട്. സ്ക്രീനിലുള്ള വസ്തുവിൽ വട്ടം വരയ്ക്കുന്നതിലൂടെ അതെന്താണെന്ന് നേരിട്ട് സെർച്ച് ചെയ്യുന്നതിനുള്ള ഫീച്ചറാണ് 'സർക്കിൾ ടു സെർച്ച്'. ഇമേജുകൾ മാത്രമല്ല, മ്യൂസിക്കും ഇത്തരത്തിൽ സെർച്ച് ചെയ്യാം. ഒരു റീലിൽ സർക്കിൾ ചെയ്താൽ അതിലുപയോഗിച്ചിരിക്കുന്ന പാട്ട് ഏതാണെന്ന് ഈ ഫീച്ചറിന് കണ്ടെത്താനാകും. സ്ക്രീനിലുള്ള അഡ്രസ് മാപ്പിൽ നേരിട്ട് സേവ് ചെയ്യാനും ചിത്രത്തിലുള്ള നമ്പർ സർക്കിൾ ചെയ്ത് നേരിട്ട് കോൾ ചെയ്യാനും സർക്കിൾ ടു സെർച്ച് ഉപയോഗിക്കാം.
ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവും A17നുണ്ട്. ഇതിനായി നൽകുന്ന വിവരങ്ങൾ ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകില്ലേ എന്ന ചോദ്യത്തിന് അക്ഷയ് ഗുപ്തയുടെ മറുപടി ഇങ്ങനെ: 'ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയുമാണ് ഏറ്റവും പ്രധാനം. ഫോണിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോക്താവിന്റെ അനുമതിയില്ലാതെ ഒരു ആപ്പിനും ഉപയോഗിക്കാനാവില്ല. എന്നുമാത്രമല്ല, സാംസങ്ങിന് പോലും കണ്ടെത്താകാത്ത വിധത്തിൽ എൻക്രിപ്റ്റ് ചെയ്താണ് വിവരങ്ങൾ സൂക്ഷിക്കുക.'
എഐ രംഗത്തുവരുന്ന മാറ്റങ്ങൾ സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളിയല്ലെന്നും അതേസമയം മാറ്റങ്ങൾ അനിവര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങളോടൊപ്പം എല്ലാ സമയത്തും സ്മാർട്ട്ഫോൺ ഉണ്ടായിരിക്കും. ക്രോസ് ആപ്പ് എഐ പോലുള്ള സവിശേഷതകൾ ഏജന്റിക് എഐക്ക് സമാനമായ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. നിങ്ങൾക്ക് ലാപ്ടോപ്പുകളും സ്മാർട്ട് ടിവികളും മറ്റുപകരണങ്ങളും പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും സ്മാർട്ട്ഫോണുകൾ വഴി സാധിക്കും. അതുകൊണ്ടുതന്നെ എഐയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രാഥമിക ഉപാധിയായി സ്മാർട്ട്ഫോണുകൾ മാറും.'
Content Highlights: Samsung India MX Business Director Akshay Gupta says smartphones will be the gateway to AI