റെഡ്മി 14C 5G എത്തുന്നു, ലോഞ്ചിങ് തീയതിയും ഡിസൈൻ സവിശേഷതകളും അറിയാം

photo:redmi
photo:redmi

റെഡ്മി 14C 5G യുടെ ലോഞ്ചിങ് തീയതിയും ഡിസൈൻ സവിശേഷതകൾ ഉൾപ്പടെയുള്ള വിവരങ്ങളും പുറത്ത്. ഇന്ത്യയിലും തിരഞ്ഞെടുത്ത ആ​ഗോള വിപണികളിലും ഫോൺ അവതരിപ്പിക്കും. 2025 ജനുവരി ആറിനാണ് 14C 5Gയുടെ അരങ്ങേറ്റം. ഓ​ഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14C 4G യോടൊപ്പം ഈ പുതിയ മോഡൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, റെഡ്മി 14R 5G യുടെ റീബാഡ്ജ്ഡ് വേർഷനായിരിക്കും 14C 5G എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

റെഡ്മി 14R 5G യുടേതിന് സാമ്യമുള്ളതാണ് 14C 5Gയുടെ ഡിസൈൻ. പിന്നിൽ വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറകളും എൽ.ഇ.ഡി ഫ്ലാഷ് യൂണിറ്റും നൽകിയിരിക്കുന്നു. എ.ഐ ഫീച്ചറുകളോടുകൂടിയ 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണുള്ളത്. 14R 5Gയിൽ 13MP മെയിൻ ക്യാമറയും 5 MP സെൽഫി ക്യാമറയുമാണ് ഉണ്ടായിരുന്നത്. വരാനിരിക്കുന്ന 14C 5Gയിൽ 50 MP മെയിൻ ക്യാമറ ഉണ്ടെന്ന് ഉറപ്പായതോടെ സെൽഫി ക്യാമറയും അപ്​​ഗ്രേഡ് ചെയ്യാനാണ് സാധ്യത .

ഇടത് ഭാ​ഗത്താണ് സിം കാർഡ് സ്ലോട്ട് നൽകിയിരിക്കുന്നത്. വലതു ഭാ​ഗത്താണ് വോളിയം ബട്ടണും പവർ ബട്ടണും ഉള്ളത്. സൈഡ് മൗണ്ടഡ് ഫിം​ഗർ പ്രിന്റ് സെൻസർ ആയിരിക്കാനാണ് സാധ്യത. 

സ്‌നാപ്ഡ്രാഗൺ 4 ജെന്‍ 2 ചിപ്സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. 18W ചാർജിങ് സപോർട്ട് ചെയ്യുന്ന 5160mAh ബാറ്ററിയും നൽകിയിരിക്കുന്നു. 120 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് എച്ച്.ഡി+എൽ.സി.ഡി ഡിസ്പ്ലേ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് ആയിരിക്കും ഫോണില്‍. റെഡ്മി ഇ സ്റ്റോറിനു പുറമെ ആമസോണിലും 14C 5G ലഭിക്കുമെന്നാണ് വിവരം. ബ്ലാക്ക്, ബ്ലൂ, പർപ്പിൾ നിറങ്ങളിൽ ഫോൺ സ്വന്തമാക്കാം. 
 

Content Highlights: Redmi 14C 5G India Launch