ഇനി ഏജന്റിക് AI കാലം; ആൻഡ്രോയ്ഡ് ഫോണുകൾക്കുവേണ്ടി 'ഏറ്റവും വേഗമേറിയ' ചിപ്പുമായി ക്വാൽകോം

നിർമിതബുദ്ധി (എഐ)യുടെ അതിവേഗ വ്യാപനം മുന്നിൽക്കണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് വേണ്ടിയുള്ള പുതിയ ചിപ്പുകളുമായി ക്വാൽകോം. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6 (Snapdragon 8 Elite Extreme Gen 6), സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 (Snapdragon 8 Elite Gen 6) എന്നിവയാണ് കമ്പനി പുറത്തിറക്കിയത്.
ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും ഇവയെന്ന് കമ്പനി പറയുന്നു. പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ മികച്ച പ്രകടനവും മികച്ച ഓൺ-ഡിവൈസ് AI-യും നൽകുന്നതിനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് അവകാശവാദം. 2026 സെപ്റ്റംബർ 23-ന് യു.എസിൽ നടന്ന സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിലാണ് ചിപ്പുകൾ കമ്പനി പ്രഖ്യാപിച്ചത്.
പുതിയ രണ്ട് സ്‌നാപ്ഡ്രാഗൺ പ്ലാറ്റ്ഫോമുകളും ക്വാൽകോമിന്റെ കസ്റ്റം ഒറിയോൺ സിപിയു (Oryon CPU), അഡ്രിനോ ജിപിയു (Adreno GPU), ഹെക്‌സാഗൺ എൻപിയു (Hexagon NPU) എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും ശക്തമായ മൊബൈൽ പ്ലാറ്റ്ഫോമാണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6 എന്ന് ക്വാൽകോം അവകാശപ്പെടുന്നു. അതേസമയം, സാധാരണ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 കൂടുതൽ പ്രീമിയം സ്മാർട്ട്ഫോണുകളിലേക്ക് സമാനമായ സവിശേഷതകൾ എത്തിക്കുന്നു.
ഏജന്റിക് AI-ക്ക് മുൻഗണന
പുതിയ സ്‌നാപ്ഡ്രാഗൺ പ്ലാറ്റ്ഫോമുകളിൽ ഏജന്റിക് എഐയ്ക്കാണ് ക്വാൽകോം പ്രാധാന്യം നൽകുന്നത്. ദൈനംദിന ജോലികൾ ചെയ്യുന്നതിനായി എഐ ഏജന്റുകളെ പ്രവർത്തനക്ഷമമാക്കാനാണ് ഈ ചിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6
പുതിയ രണ്ട് ചിപ്പുകളിൽ കൂടുതൽ ശക്തമായത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6 ആണ്. ഗെയിമിംഗ്, എഐ, ക്യാമറ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിരവധി നവീകരണങ്ങൾ ഇതിലുണ്ട്. ഗെയിമിംഗിനായി, ഗ്രാഫിക്‌സും കാഴ്ചകളും മെച്ചപ്പെടുത്താൻ ക്വാൽകോമിന്റെ പുതിയ അഡ്രിനോ ന്യൂറൽ ഫ്യൂഷൻ എഐ ഉപയോഗിക്കുന്നു. ഇത് കൂടുതൽ സമയം തടസ്സമില്ലാതെ ഗെയിം കളിക്കാൻ ഫോണുകൾക്ക് പിന്തുണ നൽകുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഈ ചിപ്പ് അഡ്വാൻസ്ഡ് പ്രൊഫഷണൽ വീഡിയോ (APV), ഇന്റലിജന്റ് പിക്‌സൽ കൺട്രോൾ എന്നിവയെ പിന്തുണയ്ക്കുന്നു. 5.0GHz വരെ വേഗത കൈവരിക്കാൻ കഴിയുന്ന സിപിയു എസ്ട്രീം ജെൻ 6-ലുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ സിപിയു ആണെന്ന് ക്വാൽകോം വിശേഷിപ്പിക്കുന്നു. എഐ, ഗെയിമിംഗ്, ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യുന്നതിനായി ഈ സിപിയു പുതിയ അഡ്രിനോ ജിപിയു, ഹെക്‌സാഗൺ എൻപിയു എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6
എസ്ട്രീം പതിപ്പിലുള്ളതുപോലെ തന്നെ 2nm പ്രോസസ്സറും ക്വാൽകോമിന്റെ ഒറിയോൺ സിപിയു, അഡ്രിനോ ജിപിയു, ഹെക്‌സാഗൺ എൻപിയു എന്നിവയും തന്നെയാണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6-ലും ഉപയോഗിച്ചിരിക്കുന്നത്. എസ്ട്രീം ജെൻ 6 ആണ് കൂടുതൽ ശക്തമായതെങ്കിലും, എഐ, ഗെയിമിംഗ്, ക്യാമറ, കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ കൂടുതൽ പ്രീമിയം ആൻഡ്രോയിഡ് ഫോണുകളിലേക്ക് എത്തിക്കാൻ ഈ ചിപ്പിന് സാധിക്കുന്നു.
ഏതൊക്കെ ഫോണുകളിൽ ഇതുണ്ടാകും?
ഹോണർ (HONOR), ഐക്യൂ (iQOO), മോട്ടോറോള (Motorola), വൺപ്ലസ് (OnePlus), ഒപ്പോ (OPPO), റെഡ്മി (REDMI), റെഡ്മാജിക് (RedMagic), വിവോ (vivo), ഷവോമി (Xiaomi) എന്നിവയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 എന്നിവ ഉണ്ടാകുമെന്ന് ക്വാൽകോം അറിയിച്ചു. എന്നാൽ ഏത് ഫോൺ മോഡലുകളിലാണ് ഇവ വരുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Content Highlights: Built on a 2nm process featuring Oryon CPU, Adreno GPU, and Hexagon NPU., Introduction of agentic AI for personalized, context-aware smartphone experiences., Extreme Gen 6 features a world's fastest mobile CPU reaching 5.0GHz., Supported by major brands including HONOR, iQOO, OnePlus, OPPO, and Xiaomi.