നത്തിങ് ഫോണ്‍2എയുടെ വില്‍പന ആരംഭിച്ചു, 19,999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം

നത്തിങിന്റെ മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 2എ യുടെ വില്‍പന ആരംഭിച്ചു. ഓപ്പോ, ഷാവോമി, വിവോ, റിയല്‍മി ഉള്‍പ്പടെയുള്ള ഫോണുകളുടെ ആധിപത്യമുള്ള വിപണിയിലേക്കാണ് നത്തിങ് കടന്നുവരുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന പരിമിത കാലയളവില്‍ 19,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാവും.
നത്തിങിന്റെ സവിശേഷമായ സുതാര്യമായ രൂപകല്‍പനയിലാണ് നത്തിങ് ഫോണ്‍ 2എയും അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഓഎസ് 2.5 ആണ് ഫോണില്‍. നത്തിങിന്റെ സ്വന്തം ഗ്ലിഫ് ഇന്റര്‍ഫേയ്സും ഇതിലുണ്ട്.
ഫോണ്‍ 2എ വിലയും വിശദാംശങ്ങളും
- നത്തിങ് ഫോണ്‍ 2എ യുടെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ എത്തുക.
- എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23999 രൂപയാണ് വില.
- എട്ട് ജിബി റാം 256 ജിബി വേരിയന്റിന് 25999 രൂപയും, 12 ജിബി റാം 256 ജിബി വേരിയന്റിന് 27999 രൂപയും ആണ് വില.
കമ്പനി 2000 രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 2000 രൂപ കിഴിവും ലഭിക്കും. ഇതുവഴി ബേസ് വേരിയന്റിന്റെ വില 19999 രൂപയിലേക്ക് കുറയ്ക്കാനാവും.
സവിശേഷതകള്‍
- മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പരമാവധി 12 ജിബി റാം ഉണ്ട്. 8ജിബി റാം ബൂസ്റ്റര്‍ സൗകര്യവും ലഭ്യമാണ്. ഇതുവഴി 20 ജിബി റാം ഫോണിന് ലഭിക്കും.
- ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിന്. 50 എംപി മെയ്ന്‍ ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണിതില്‍. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. ഇതേ ക്യാമറാ സംവിധാനമാണ് നത്തിങ് ഫോണ്‍ 2 ലും ഉള്ളത്.
- 6.7 ഇഞ്ച് ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റുണ്ട്. 1300 ഉയര്‍ന്ന ബ്രൈറ്റ്നെസ് ഉള്ള സ്‌ക്രീന്‍ ആണിത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭിക്കും. എങ്കിലും ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ലഭിക്കില്ല.
Content Highlights: nothing phone 2a goes on sale