മോട്ടോറോള അൾട്രാ പ്രീമിയം ഫോൺ സിഗ്നേച്ചർ 27 എത്തി; ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്പ്

#ടെക്നോളജി ഡെസ്ക്
Motorola Signature 27 | Photo: Motorola
Motorola Signature 27 | Photo: Motorola

പുതിയ സിഗ്നേച്ചർ 27 എന്ന സ്മാർട്ഫോൺ ആഗോള വിപണിക്ക് പരിചയപ്പെടുത്തി മോട്ടോറോള. ഹവായിയിൽ നടക്കുന്ന ഈ വർഷത്തെ സ്നാപ്ഡ്രാഗൺ സമ്മിറ്റിൽവെച്ചാണ് ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും അത്യാധുനികമായ സ്മാർട്ഫോൺ എന്ന വിശേഷണത്തോടെ മോട്ടോറോള സിഗ്നേചർ 27 പരിചയപ്പെടുത്തിയത്. ക്വാൽകോം ഇന്ന്  പുറത്തിറക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 എന്ന അത്യാധുനിക മൊബൈൽ ചിപ്പ്സെറ്റിന്റെ പിൻബലത്തിലാണ് പുതിയ ഫോൺ ഒരുക്കിയിരിക്കുന്നത്.

ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് ചെയ്യാൻ കഴിയുന്നതിന്റെയെല്ലാം അതിരുകൾ മറികടക്കുന്ന, എഐ സാങ്കേതികവിദ്യ ഉൾപ്പെടെ അതിനൂതന മൊബൈൽ സാങ്കേതികവിദ്യകളുടെ പിൻബലമുള്ള പ്രീമിയം ശൈലിയിൽ നിർമിതമായ ഫോൺ ആണിതെന്ന് മോട്ടോറോള പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വരാനിരിക്കുന്ന വർഷത്തിന്റെ അവസാന രണ്ടക്കങ്ങൾ ഉപയോഗിച്ച് പേര് നൽകുന്ന പുതിയ പേരിടൽ ശൈലിയാണ് സിഗ്നേച്ചർ 27-ന് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2027 എന്ന വർഷത്തെ സൂചിപ്പിക്കാനാണ് motorola signature 27 എന്ന പേര് നൽകിയിരിക്കുന്നത്. ഈ രീതിയിൽ പേരിടുന്ന മോട്ടോറോളയുടെ ആദ്യ അൾട്രാ പ്രീമിയം ഉപകരണമാണിത്.

മോട്ടറോള സിഗ്നേച്ചർ 27 (motorola signature 27) സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ:

  • പ്രോസസറും പെർഫോമൻസും: ഏറ്റവും പുതിയ Snapdragon® 8 Elite Extreme Gen 6 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. വേഗതയേറിയ കണക്റ്റിവിറ്റിക്കായി ആറ് ആന്റിനകൾ ഇതിലുണ്ട്. കൂടാതെ, 7 വർഷത്തെ OS അപ്‌ഗ്രേഡുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
  • കൂളിംഗ് സാങ്കേതികവിദ്യ: ഫോണിന്റെ ചൂട് കാര്യക്ഷമമായി നിയന്ത്രിക്കാൻ ആർക്ടിക് മെഷ് കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻതലമുറയേക്കാൾ 40% വലുപ്പമുള്ള 3D വേപ്പർ ചേമ്പർ, ഡയമണ്ട് ഇൻഫ്യൂസ്ഡ് തെർമൽ ജെൽ, ലിക്വിഡ് മെറ്റൽ, കോപ്പർ മെഷ് എന്നിവയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
  • ക്യാമറ സംവിധാനം: 50MP Sony LYTIA 910 പ്രധാന സെൻസറും വ്യക്തമായ ദൂരദൃശ്യങ്ങൾക്കായി 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള വീഡിയോ എൻഹാൻസ്‌മെന്റ് എഞ്ചിൻ, 3.5° OIS ഹാർഡ്‌വെയർ, ക്വാൽകോം ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവ മെച്ചപ്പെട്ട വീഡിയോ ക്വാളിറ്റി നൽകുന്നു.
  • ഗൂഗിൾ ജെമിനി എഐ ഫീച്ചറുകൾ: ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള എഐ അസിസ്റ്റന്റ് സൗകര്യം ലഭ്യമാണ്. ജെമിനി ഓമ്‌നി വഴി ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്നും ഫോട്ടോകളിൽ നിന്നും വീഡിയോകൾ നിർമ്മിക്കാനും ലിറിയ വഴി മ്യൂസിക്കും സൗണ്ട് ട്രാക്കുകളും സൃഷ്ടിക്കാനും സാധിക്കും.
  • ശബ്ദസംവിധാനം: ബാങ് & ഒലഫ്സനുമായുള്ള (Bang & Olufsen) പങ്കാളിത്തത്തോടെ 'Audio by B&O' ഫീച്ചർ ഉൾപ്പെടുത്തിയിട്ടുള്ള മോട്ടറോളയുടെ ആദ്യ സ്മാർട്ട്ഫോണാണിത്.
  • ഡിസൈനും നിറങ്ങളും: അലുമിനിയം ബോഡിയും സെറാമിക്കും ബ്രഷ്ഡ് അലുമിനിയവും ചേർന്ന ക്യാമറ ഹൗസിംഗുമാണ് ഇതിനുള്ളത്. PANTONE Coal Smoke, PANTONE Capulet Olive എന്നീ രണ്ട് ഫിനിഷുകളിൽ ഫോൺ ലഭ്യമാകും.

എപ്പോൾ വിപണിയിലെത്തും

മോട്ടറോള സിഗ്നേച്ചർ 27 സ്മാർട്ട്ഫോൺ ഈ വർഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള വിപണികളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില എത്രയായിരിക്കുമെന്ന സൂചനകൾ കമ്പനി നൽകിയിട്ടില്ല. 

Content Highlights: Motorola has introduced its advanced ultra-premium flagship smartphone, the Motorola Signature 27, powered by the Snapdragon 8 Elite Extreme Gen 6 processor, a 200MP periscope camera, and Google Gemini AI integration.