ട്രായ് നിർദേശം: മൂന്ന് പ്ലാനുകൾ അവതരിപ്പിച്ച് BSNL, ഡാറ്റയില്ല, വോയ്സും എസ്എംഎസും മാത്രം

കോൾ, എസ്എംഎസ് എന്നിവ മാത്രം ആവശ്യമുള്ള ഉപയോക്താക്കൾക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ഇവയിൽ മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കായി താങ്ങാനാവുന്ന പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയത്.
പ്രത്യേകതയെന്ത് ?
ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും ഒരു സിം കാർഡ് ആക്ടീവായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് പുതിയ പ്ലാനുകൾ. സാധാരണ കോളുകൾ ചെയ്യാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും ബാങ്ക് ഒടിപികൾ സ്വീകരിക്കാനും മാത്രം ഒരു ഫോൺ നമ്പർ മതിയെങ്കിൽ ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം.
നിരക്കുകൾ
172 രൂപ, 184 രൂപ, 190 രൂപ എന്നീ തുകകളുടേതാണ് പുതിയ പ്ലാനുകൾ. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്സ് കോളുകളും ദിവസവും 100 സൗജന്യ എസ്എംഎസുമാണ് ഇവ നൽകുന്നത്. കാലാവധിയിലാണ് വ്യത്യാസം. 172 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. അതായത് ദിവസേന ഏകദേശം 6.14 രൂപ വരും. 184 രൂപയുടെ പ്ലാൻ കൃത്യം 30 ദിവസത്തേക്ക് ലഭിക്കും. ഇതിലൂടെ പ്രതിദിന ചെലവ് 6.13 രൂപയായി കുറയുന്നു.190 രൂപയുടെ പ്ലാനിന് ഒരു കലണ്ടർ മാസം മുഴുവൻ കാലാവധിയുണ്ട്, ഇതിന്റെ പ്രതിദിന ചെലവ് 6.13 രൂപയ്ക്കും 6.33 രൂപയ്ക്കും ഇടയിലാണ്.
Content Highlights: BSNL introduced three new data-free voice and SMS prepaid plans priced at Rs 172, Rs 184, and Rs 190., Plans offer unlimited voice calls and 100 free SMS daily with validities of 28 days, 30 days, and 1 calendar month respectively., Launched in compliance with TRAI orders for simple and affordable standalone calling plans., Offers significantly more daily SMS compared to competitors like Jio, Airtel, and Vi.