ഐഫോൺ ഫോൾഡ്; ഡമ്മി പതിപ്പിന്റെ ചിത്രങ്ങൾ ലീക്കായി, ഡിസൈൻ എങ്ങനെയെന്ന് വ്യക്തം

ഇന്ന് ആഗോള സ്മാർട്ഫോൺ വിപണിയിൽ ശക്തരായ കമ്പനികളിൽ ഫോൾഡബിൾ ഫോൺ ഇതുവരെ വിപണിയിലെത്തിച്ചിട്ടില്ലാത്ത ഏക കമ്പനിയാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. ഗൂഗിളും സാംസങ്ങും ഉൾപ്പെടെ ഫോൾഡബിൾ ഫോണുകളുടെ പലവിധ ജനറേഷനുകൾ പുറത്തിറക്കിക്കഴിഞ്ഞിട്ടും ആപ്പിൾ ഇതുവരെയും ഒരു ഫോൾഡബിൾ ഫോൺ വിപണിയിലെത്തിച്ചിട്ടില്ല. എന്നാൽ, ഈ വർഷം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ എത്തുമെന്നാണ് വിവരം. ആപ്പിൾ പുതിയ മോഡലിനെ എന്താണ് വിളിക്കുക എന്ന് വ്യക്തമല്ല, ഐഫോൺ ഫോൾഡ് എന്നും ഐഫോൺ അൾട്ര എന്നുമെല്ലാമുള്ള പേരുകൾ ഇതിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന്റെ ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ടിപ്പ്സ്റ്ററായ സോണി ഡിക്സണാണ് ഐഫോൺ ഫോൾഡിന്റെ ഡമ്മിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഡമ്മി യൂണിറ്റെന്ന പേരിലാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നതെങ്കിലും ആപ്പിൾ ഔദ്യോഗികമായി ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങളോ പ്രഖ്യാപനങ്ങളോ നടത്തിയിട്ടില്ല. ആദ്യ ഐഫോൺ ഫോൾഡിന് ആകെ ഒരു കളർ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ എന്നാണ് സോണി നൽകുന്ന വിവരം.
ഡമ്മി യൂണിറ്റിന്റെ ചിത്രങ്ങൾ വീതിയേറിയ ഫോൾഡബിൾ ഐഫോണാണ് കാണിക്കുന്നത്. അതായത്, ഐഫോൺ ഫോൾഡ് പാസ്പോർട്ട് മടക്കും പോലെ മടക്കും വിധമായിരിക്കുമെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. ഇത് ആദ്യ ഗൂഗിൾ പിക്സൽ ഫോൾഡിന് സമാനമായേക്കാം. ഐഫോൺ ഡമ്മി യൂണിറ്റിന്റെ പിൻഭാഗത്ത് തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ടാബ്ലെറ്റ് ഷേപ്പിലുള്ള ക്യാമറ മോഡ്യൂളുണ്ട്, അതിൽ ഡ്യുവൽ ക്യാമറ കട്ടൗട്ടുകളുമുണ്ട്. ഈ ക്യാമറ മോഡ്യൂൾ ഐഫോൺ എയറിനെ ഓർമ്മിപ്പിച്ചേക്കാമെങ്കിലും നീളം കുറവാണ്. ഐഫോൺ 17-ലെ വെർട്ടിക്കൽ ക്യാമറ മോഡ്യൂൾ ഹൊറിസോണ്ടലാക്കിയാൽ എങ്ങനെയുണ്ടാവുമോ അത് പോലെ. മൈക്കും ഫ്ലാഷ്ലൈറ്റും ഇതേ മോഡ്യൂളിൽ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്.
സഹിൽ കരോൾ എന്നയാൾ എക്സിൽ പങ്കുവെച്ച മറ്റൊരു ചിത്രത്തിൽ ഫോണിന്റെ വോളിയം ബട്ടനുകൾ മുകളിലായി സ്ഥാപിച്ചതും കാണാം. എങ്കിലും പവർ ബട്ടൻ ഒരു വശത്ത് തന്നെയാണുള്ളത്. സഹിൽ പുറത്തുവിട്ട ചിത്രത്തിൽ ഫോണിന്റെ ഇന്നർ ഡിസ്പ്ലേ കൂടുതൽ വ്യക്തമാണ്. 7.8 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ ആണിതെന്നാണ് കരുതുന്നത്. പറഞ്ഞു വന്നാൽ, ഇത് ഒരു കുഞ്ഞൻ ഐപാഡ് പോലെയുണ്ടാവും.
അതേസമയം, ഇതോടൊപ്പം ഒരു 5.5 ഇഞ്ച് ഒഎൽഇഡി പാനലും ഐഫോൺ ഫോൾഡിനുണ്ടാവും. ഫോൾഡബിൾ സ്ക്രീനിൽ ഒരു കോണിലായാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഇതോടൊപ്പം, ഫേസ് ഐഡി സെൻസറുകൾ കാണുന്നില്ല. പകരം ടച്ച് ഐഡി തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഡമ്മി പതിപ്പിന്റെ ചിത്രമാണ് പുറത്തുവന്നതെങ്കിലും യഥാർഥ ഫോൾഡബിൾ ഐഫോൺ ഇതേ ശൈലിയിൽ തന്നെയാവാനാണ് സാധ്യത. എങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
Content Highlights: Leaked dummy unit images shared by tipsters Sonny Dickson and Sahil Karoul reveal that Apple's upcoming book-style foldable iPhone features a passport-like wide design, a 7.8-inch inner OLED screen, a 5.5-inch outer display, a horizontal dual-camera module, and the rumored return of Touch ID instead of Face ID.