ഫോണിലെ AI ഫീച്ചറുകൾ എക്കാലത്തും സൗജന്യമായി ലഭിക്കണമെന്നില്ല; പണം ഇടാക്കാൻ കമ്പനികൾ

നൂതന സ്മാർട്ട് ഫോണുകളിലെ നിർമിതബുദ്ധി (എഐ) ഫീച്ചറുകൾ ഞെട്ടിക്കുന്നതാണെന്ന് തോന്നുന്നുണ്ടോ? എന്നാൽ അവ എക്കാലത്തും സൗജന്യമായി ഉപയോഗിക്കാൻ കഴിയുമെന്ന് കരുതേണ്ടതില്ല. സ്മാർട്ട്ഫോണുകളിലെ എഐ ഫീച്ചറുകൾ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്ന കാലഘട്ടം അവസാനിക്കുകയാണെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സാംസങ്, ആപ്പിൾ, ഒപ്പോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ പുതിയ ഫോണുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നതിനായി AI ടൂളുകൾ സൗജന്യമായി നൽകിയിരുന്നു. ഇനി തന്ത്രത്തിൽ മാറ്റംവരുത്താൻ കമ്പനികൾ ഒരുക്കം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. സാംസങ്ങും ആപ്പിളും അവരുടെ ഡിവൈസുകളിലെ സൗജന്യ എഐയുടെ കാര്യത്തിൽ തന്ത്രം മാറ്റുകയാണെന്നാണ് സൂചന. അടുത്ത വർഷം മുതൽ അത്യാധുനിക എഐ ഫീച്ചറുകൾക്ക് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ അവർ തയ്യാറെടുക്കുകയാണ്. കമ്പനികളിൽനിന്ന് ചോർന്ന വിവരങ്ങളടക്കം അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്.
നയം മാറ്റത്തിന് പിന്നിലെന്ത്?
സ്മാർട്ട് എഐ മോഡലുകൾ ക്ലൗഡിൽ പ്രവർത്തിപ്പിക്കുന്നതിന് കമ്പ്യൂട്ടർ പവറിനും വൈദ്യുതിക്കുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടി വരുന്നു. ആരെങ്കിലും അതിനുള്ള വില നൽകിയേ തീരൂ. അതുകൊണ്ട് പല സ്മാർട്ട് ഫോണുകളിലും അടിസ്ഥാന എഐ ടൂളുകൾ സൗജന്യമായി തുടരും. എന്നാൽ ശക്തമായ എഐ ഫീച്ചറുകൾ വേണമെങ്കിൽ ഉപയോക്താക്കൾ പണം നൽകേണ്ടി വരും.
ഗാലക്സി എഐ പ്രീമിയം (മാക്സ് പ്ലാൻ എന്നും പറയപ്പെടുന്നു) എന്ന് പേരുള്ള പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം സാംസങ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. പ്രതിമാസം 4.99 ഡോളറോ (ഏകദേശം 470 രൂപ) പ്രതിവർഷം 47.99 ഡോളറോ ഡോളറോ (ഏകദേശം 4500 ഇന്ത്യൻ രൂപ) ഉപയോക്താക്കൾക്ക് ചെലവഴിക്കേണ്ടി വന്നേക്കാം എന്നാണ് പുറത്തുവരുന്ന സൂചനകൾ.
സൗജന്യങ്ങൾ തുടരും
വെബ്പേജുകൾ സംഗ്രഹിക്കുക (ബ്രൗസിങ് അസിസ്റ്റ്), അതിവേഗ സംഗ്രഹങ്ങൾ (നൗ ബ്രീഫ്), അടിസ്ഥാന ഫോട്ടോ എഡിറ്റിംഗ് (ഫോട്ടോ അസിസ്റ്റ്), ഡ്രോയിങ് ടൂളുകൾ (ക്രിയേറ്റീവ് സ്റ്റുഡിയോ) തുടങ്ങിയ 'ഗാലക്സി AI കോർ' പരിധിയിൽ സൗജന്യമായി തുടരും. എന്നിരുന്നാലും, ഈ സൗജന്യ ടൂളുകൾക്ക് സാംസങ് പ്രതിമാസ ഉപയോഗ പരിധികൾ നിശ്ചയിക്കും. എന്നിരുന്നാലും പണം നൽകിയാൽ പ്രതിമാസ ഉപയോഗ പരിധി 4 മടങ്ങ് കൂടുതൽ ലഭിക്കും. കൂടാതെ അധിക ടൂളുകളും ലഭിക്കും.
ആപ്പിൾ കുറച്ചുകൂടി വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാക് റൂമേഴ്സ് (MacRumors), 9to5Mac എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, അടിസ്ഥാന സിരി (Siri) ടൂളുകൾക്കായി എല്ലാവരെയും പ്രതിമാസ സബ്സ്ക്രിപ്ഷനിലേക്ക് നയിക്കുന്നതിന് പകരം ഉപയോഗത്തിന് അനുസരിച്ച് പണം നൽകുന്ന ടോപ്പ്-അപ്പ് ഓപ്ഷനുകൾ ആപ്പിൾ അവതരിപ്പിക്കും. ആപ്പിൾ 49.99 ഡോളറിന്റെ ഒറ്റത്തവണത്തെ 'ഇന്റലിജൻസ് യൂസേജ് പാക്ക്' തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ.
Content Highlights: Samsung is introducing Galaxy AI Premium subscription at $4.99/month or $47.99/year., Basic Galaxy AI tools remain free with usage limits, while heavy features like Gen Video require payment., Apple is launching a $49.99 Intelligence Usage Pack for heavy workloads and creative apps., Cloud computing costs are driving tech giants to shift from free AI perks to paid services.