ആപ്പിള്‍ വിഷന്‍ പ്രോയേക്കാള്‍ നല്ലത് മെറ്റ ക്വസ്റ്റ് 3 തന്നെയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

Photo: Meta
Photo: Meta

ഓഗ്മെന്റഡ് റിയാലിറ്റി വിര്‍ച്വല്‍ റിയാലിറ്റി രംഗത്ത് വലിയ നിക്ഷേപം നടത്തിയ കമ്പനിയാണ് മെറ്റ. ഈ രംഗത്ത് മറ്റ് ശക്തരായ എതിരാളികള്‍ കുറവായിരുന്നു. എന്നാല്‍ ആപ്പിളിന്റെ വരവ് ആ സ്ഥിതിയില്‍ മാറ്റം വരുത്തി. ആപ്പിള്‍ വിഷന്‍ പ്രോ ജനങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ കാലങ്ങളായി ആപ്പിള്‍ നേടിയെടുത്ത സ്വീകാര്യതയുടെ ഫലമായിരിക്കണം ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റിന് യുഎസില്‍ വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. 3499 ഡോളര്‍ വിലയില്‍ വില്‍പനയ്‌ക്കെത്തിയ ഈ ഉപകരണത്തിന്റെ വീഡിയോകളും ഇതേ കുറിച്ചുള്ള അഭിപ്രായങ്ങളും ഇതിനകം നമ്മള്‍ പല പ്ലാറ്റ്‌ഫോമുകളിലും കണ്ടതാണ്. ഇപ്പോഴിതാ മെറ്റയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ ആപ്പിള്‍ വിഷന്‍ പ്രോയുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ്. 

നിരവധി കാര്യങ്ങളില്‍ ആപ്പിള്‍ വിഷന്‍ പ്രോയേക്കാള്‍ മെറ്റ ക്വസ്റ്റ് 3 മികച്ചതാണെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സക്കര്‍ബര്‍ഗ് പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി താന്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റ് പരീക്ഷിക്കുകയായിരുന്നുവെന്നും ആകര്‍ഷകമായ ഹാര്‍ഡ് വെയര്‍ ആണിതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. എന്നാല്‍ സമാനമായ പല കാര്യങ്ങളും കൂടുതല്‍ താങ്ങാവുന്ന വിലയില്‍ മെറ്റ ക്വസ്റ്റ് 3 യില്‍ ചെയ്യാന്‍ കഴിയുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. 

ക്വസ്റ്റിന് 3 യ്ക്ക് വിഷന്‍ പ്രയേക്കാള്‍ ഭാരം കുറവാണെന്നും ഡിസ്‌പ്ലേയുടെ ഫീല്‍ഡ് ഓഫ് വ്യൂ കൂടുതലാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. 

അതേസമയം വിഷന്‍ പ്രോയുടെ വിഷന്‍ പ്രോയുടെ ഉയര്‍ന്ന റസലൂഷനിലുള്ള ഡിസ്‌പ്ലേയും ഐ ട്രാക്കിങ് സെന്‍സറുകളും സക്കര്‍ബര്‍ഗിന് ഇഷ്ടപ്പെട്ടു. ക്വസ്റ്റ് ഹെഡ്‌സെറ്റിലും ഭാവിയില്‍ ഐ ട്രാക്കിങ് സെന്‍സറുകള്‍ കൊണ്ടുവരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. 

എന്നാല്‍, വിഷന്‍ പ്രോയുടെ ആപ്പ് സ്റ്റോര്‍ അത്ര പോരെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. വിഷന്‍ പ്രോയുടെ ഹാര്‍ഡ് വെയര്‍ സംവിധാനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന അധികം ആപ്പുകള്‍ ഒന്നും ഇതുവരെയില്ല. എന്നാല്‍ മെറ്റ ക്വസ്റ്റിന് ഉള്ളടക്കങ്ങളുടെയും ഗെയിമുകളുടെയും വലിയൊരു ലൈബ്രറി തന്നെയുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
 

Content Highlights: Quest 3 is better than Apple Vision Pro says mark zuckerberg