ലാപ്‌ടോപ്പിന്റെ വില കുറയുമോ? 2027-ൽ പ്രതീക്ഷയ്ക്ക് വകയില്ലെന്ന സൂചന നൽകി Intel

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

ആഗോള ചിപ്പ് ക്ഷാമത്തെക്കുറിച്ചും വില വർധനയെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുമായി അമേരിക്കൻ ടെക് കമ്പനിയായ ഇന്റൽ. 2027-ലും മെമ്മറി ചിപ്പ് ലഭ്യത മെച്ചപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നില്ലെന്ന് ഇന്റലിന്റെ സി.എഫ്.ഒ ഡേവിഡ് സിൻഡ്നെർ വെളിപ്പെടുത്തി.

‘മെമ്മറി ചിപ്പുകളുടെ കാര്യത്തിൽ അടുത്ത വർഷത്തെക്കുറിച്ച് ഞങ്ങൾക്ക് ശുഭാപ്തിവിശ്വാസമില്ല. തുടർന്ന് കാര്യങ്ങൾ മെച്ചപ്പെടുമോ എന്നറിയാൻ 2028-വരെ കാത്തിരിക്കേണ്ടി വരും. 2027-ൽ സ്ഥിതിഗതികൾ മെച്ചപ്പെടില്ലെന്നാണ് വിലയിരുത്തൽ.' - ഇന്റലിന്റെ ചടങ്ങിനിടെ കമ്പനി സിഎഫ്.ഓ വ്യക്തമാക്കി. അടിക്കടി വർധിച്ചുവരുന്ന ഗാഡ്‌ജെറ്റ് വില കുറയാൻ ഉപഭോക്താക്കൾക്ക് ഇനിയും കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

ബജറ്റ് ലാപ്ടോപ്പ് ചിപ്പുകൾ ഇതിനകം വിറ്റുതീർന്നു

ഇന്റലിന്റെ ബജറ്റ് ‘വൈൽഡ്കാറ്റ് ലേക്ക്’ ചിപ്പുകളുടെ ഡിമാൻഡ് ഉത്പാദനത്തെക്കാൾ വളരെ കൂടുതലാണെന്ന് കമ്പനി സി.ഇ.ഒ ലിപ്-ബു ടാൻ പറഞ്ഞു. നിർമിച്ച ചിപ്പുകളെല്ലാം വിറ്റുതീർന്നതായും കമ്പനി വൃത്തങ്ങൾ പറയുന്നു. പുതിയ ഡെൽ XPS 13, HP ഒംനിബുക്ക് 5 14 എന്നിവയുൾപ്പെടെ കുറഞ്ഞവിലയിലുള്ള വിൻഡോസ് ലാപ്ടോപ്പുകളിൽ വൈൽഡ്കാറ്റ് ലേക്ക് ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ചിപ്പ് വില പിസി വില വർധിപ്പിക്കുന്നതിനിടെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ഓപ്ഷനുകളായാണ് ഈ ഉപകരണങ്ങൾ കരുതപ്പെടുന്നത്.

കടുത്ത പ്രതിസന്ധിയെന്ന് ഇന്റൽ

സൂപ്പർ ഇന്റലിജൻസിനായുള്ള (എഐയ്ക്ക് പകരം ട്രംപ് നിർദേശിച്ച പുതിയ പേര്) അഭൂതപൂർവ്വമായ ഡിമാൻഡ് കാരണം വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസ്സങ്ങളിൽ ഒന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇന്റൽ സിഇഓ ലിപ്-ബു ടാൻ പറയുന്നു. ഈ വെല്ലുവിളികൾക്കിടയിലും പിസി വിപണിയിൽ പുതിയ വളർച്ച കാണാൻ കഴിയുമെന്ന് ഇന്റൽ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.

പ്രതിസന്ധി സൃഷ്ടിച്ച് PCB-കൾ

അടുത്തിടെവരെ മെമ്മറി ചിപ്പുകളുടെയും (റാം) പ്രോസസ്സറുകളുടെയും ക്ഷാമം ആയിരുന്നു പ്രശ്‌നമെങ്കിൽ ഇപ്പോൾ നിർമിതബുദ്ധി (എഐ) ഗാഡ്ജറ്റുകളുടെ മറ്റൊരു അടിസ്ഥാന ഘടകത്തെയും ബാധിച്ചിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCBs), ചിപ്പ് സബ്സ്ട്രേറ്റുകൾ എന്നിവയുടെ കാര്യത്തിലാണ് ക്ഷാമം നേരിട്ട് തുടങ്ങിയിരിക്കുന്നത്. എച്ച്.പി, ഡെൽ തുടങ്ങിയ പിസി നിർമ്മാതാക്കൾക്കുപോലും ഇതൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Intel expects memory and component shortages to persist through 2027 without significant supply improvements., Budget-focused Wildcat Lake chips are currently sold out due to high demand for affordable Windows laptops., AI infrastructure boom is causing severe bottlenecks in PCB and chip substrate manufacturing., Upstream raw materials like Copper Clad Laminate and specialised machinery face massive delivery delays of up to 30 months.