M5 ചിപ്പുകളുമായി പുതിയ മാക്ബുക്ക് എയർ, പ്രോ മോഡലുകൾ പുറത്തിറക്കി: ഇന്ത്യയിലെ വിലയും സവിശേഷതകളും

#ടെക്നോളജി ഡെസ്ക്
Macbook Air M5 | Photo: Apple
Macbook Air M5 | Photo: Apple

എം5 ചിപ്പുമായി പുതിയ മാക്ബുക്ക് എയർ (MacBook Air), മാക്ബുക്ക് പ്രോ (MacBook Pro) മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ച് ആപ്പിൾ. മികച്ച പ്രകടനം, മെച്ചപ്പെട്ട ഓൺ-ഡിവൈസ് എഐ ശേഷി, വേഗമുള്ള സ്റ്റോറേജ്, വൈഫൈ 7, ബ്ലൂടൂത്ത് 6 എന്നിവയുമായാണ് ഈ പുതിയ ലാപ്ടോപ്പുകൾ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്.

മാക്ബുക്ക് എയർ M5: ഇരട്ടി സ്റ്റോറേജും മികച്ച വേഗതയും

13 ഇഞ്ച്, 15 ഇഞ്ച് സ്ക്രീൻ സൈസ് ഓപ്ഷനുകളാണ് പുതിയ മാക്ബുക്ക് എയറിനുള്ളത്. ഇതിലെ M5 ചിപ്പിന് 10-കോർ CPU-വും 10-കോർ GPU-വും ഉണ്ട്. പഴയ M1 മോഡലുകളേക്കാൾ 9.5 മടങ്ങ് വേഗതയും M4 മോഡലുകളേക്കാൾ നാല് മടങ്ങ് വേഗത്തിലുള്ള AI പ്രകടനവും ഈ ലാപ്ടോപ്പ് നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ഈ മോഡലിന്റെ ഏറ്റവും കുറഞ്ഞ സ്റ്റോറേജ് 512ജിബി ആയി ഉയർത്തിയിട്ടുണ്ട്, ഇത് മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ്. ഇത് 4 ടിബി വരെ വർധിപ്പിക്കുകയും ചെയ്യാം. എസ്എസ്ഡിയിൽ രണ്ടിരട്ടി റീഡ് വേഗവും റൈറ്റ് വേഗവുമാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ, ഇതിന് 18 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും. സ്കൈ ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, സിൽവർ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

ഡെസ്ക് വ്യൂവോടുകൂടിയുള്ള 12 എംപി സെന്റർ സ്റ്റേജ് ക്യാമറ, സ്പേഷ്യൽ ഓഡിയോ, ഡോൾബി അറ്റ്മോസ് പിന്തുണ, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, മാഗ്സേഫ് ചാർജിങ് എന്നിവയും ഇതിന്റെ മറ്റ് സവിശേഷതകളാണ്.

മാക്ബുക്ക് പ്രോ: M5 പ്രോ, M5 മാക്സ് ചിപ്പുകളുടെ കരുത്തിൽ

പ്രൊഫഷണൽ ജോലികൾക്കായി രൂപകൽപ്പന ചെയ്ത 14 ഇഞ്ച്, 16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകളിൽ M5 പ്രോ (M5 Pro), M5 മാക്സ് (M5 Max) ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 'ഫ്യൂഷൻ ആർക്കിടെക്ചർ'ഡിസൈനാണ് ഈ ചിപ്പുകൾക്കുള്ളത്. ഇത് മുൻ തലമുറയേക്കാൾ നാല് മടങ്ങ് വേഗത്തിൽ എഐ പ്രവർത്തനങ്ങൾ നടത്താൻ സഹായിക്കും. ഈ മോഡലുകൾക്ക് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നും 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും ആപ്പിൾ അറിയിച്ചു. സ്പേസ് ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ഇവ ലഭ്യമാകും.‍

പ്രോ മോഡലുകളിൽ 12 എംപി സെന്റർ സ്റ്റേജ് ക്യാമറ, സ്റ്റുഡിയോ നിലവാരമുള്ള മൈക്രോഫോണുകൾ, സിക്സ് സ്പീക്കർ സൗണ്ട് സിസ്റ്റം, സ്പേഷ്യൽ ഓഡിയോ പിന്തുണ എന്നിവയുണ്ട്. മാക് ഓഎസ് ടാഹോ യിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും ലഭ്യമാണ്.

ഇന്ത്യയിലെ വില

  • 13 ഇഞ്ച് മാക്ബുക്ക് എയർ (M5): ₹1,19,900 മുതൽ
  • 15 ഇഞ്ച് മാക്ബുക്ക് എയർ (M5): ₹1,44,900 മുതൽ
  • 14 ഇഞ്ച് മാക്ബുക്ക് പ്രോ (M5 Pro): ₹2,49,900 മുതൽ
  • 16 ഇഞ്ച് മാക്ബുക്ക് പ്രോ (M5 Pro): ₹2,99,900 മുതൽ
  • 14 ഇഞ്ച് മാക്ബുക്ക് പ്രോ (M5 Max): ₹3,99,900 മുതൽ
  • 16 ഇഞ്ച് മാക്ബുക്ക് പ്രോ (M5 Max): ₹4,29,900 മുതൽ

ലഭ്യത:

പുതിയ മാക്ബുക്ക് മോഡലുകളുടെ പ്രീ-ഓർഡർ മാർച്ച് 4 മുതൽ ആരംഭിച്ചു. ഇന്ത്യയിൽ ഇവയുടെ വിൽപ്പന മാർച്ച് 11 മുതൽ ആപ്പിൾ സ്റ്റോറുകൾ വഴിയും ഓൺലൈൻ സ്റ്റോറുകൾ വഴിയും ആരംഭിക്കും.

മാക്ബുക്കുകൾക്ക് പുറമെ, പുതുക്കിയ സ്റ്റുഡിയോ ഡിസ്‌പ്ലേയും (Studio Display) പുതിയ സ്റ്റുഡിയോ ഡിസ്‌പ്ലേ എക്സ്ഡിആറും (Studio Display XDR) ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റുഡിയോ ഡിസ്‌പ്ലേയ്ക്ക് ₹1,89,900 മുതലും സ്റ്റുഡിയോ ഡിസ്‌പ്ലേ എക്സ്ഡിആറിന് ₹3,99,900 മുതലുമാണ് ഇന്ത്യയിലെ വില.

Content Highlights: Apple Launches New MacBook Air and Pro with Powerful M5 Chip: Check India Prices and Features