ആപ്പിൾ പുതിയ 'ഹോം വ്യൂ' സ്മാർട്ട് ഹോം ഹബ്ബ് അവതരിപ്പിച്ചു: വിലയും പ്രധാന സവിശേഷതകളും

സ്മാർട്ട് ഹോം വിപണിയിലേക്ക് ഉൽപ്പന്നനിര വ്യാപിപ്പിച്ചുകൊണ്ട് ആപ്പിൾ തങ്ങളുടെ പുതിയ 'ഹോം വ്യൂ' (Home View) സ്മാർട്ട് ഹോം ഹബ്ബ് പുറത്തിറക്കി. വോയ്‌സ് കമാൻഡുകളിലൂടെയും ഫേഷ്യൽ റെക്കഗ്നിഷനിലൂടെയും പ്രവർത്തിക്കുന്ന ഈ ഉപകരണം ഓരോ കുടുംബാംഗത്തിനും വ്യക്തിഗതമായ സോഫ്റ്റ്‌വെയർ അനുഭവം വാഗ്ദാനംചെയ്യുന്നു. ഇന്ത്യയിൽ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 39,900 രൂപയ്ക്കാണ് ഈ ഉപകരണം ലഭ്യമാക്കിയിട്ടുള്ളത്.
പ്രധാന സവിശേഷതകളും ഡിസൈനും:
- ഡിസ്‌പ്ലേ: ഫിസിക്കൽ ബട്ടണുകളില്ലാത്ത ഇതിൽ ഏഴ് ഇഞ്ച് ലിക്വിഡ് റെറ്റിന ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണുള്ളത്. ഐഫോൺ, ഐപാഡ് എന്നിവയ്ക്ക് സമാനമായ ആപ്ലിക്കേഷൻ ഗ്രിഡാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ ഹിഞ്ച് ഉപയോഗിച്ച് ഡോം ആകൃതിയിലുള്ള സ്പീക്കർ ബേസുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിസ്‌പ്ലേ ആവശ്യാനുസരണം ക്രമീകരിക്കാനാവും. ഭിത്തിയിൽ ഘടിപ്പിക്കാവുന്ന മോഡലും ലഭ്യമാണ്.
- ട്രൂ ടോൺ സാങ്കേതികവിദ്യ: മുറിക്കുള്ളിലെ വെളിച്ചത്തിനനുസരിച്ച് തെളിച്ചം 500 നിറ്റ്സ് മുതൽ 0.3 നിറ്റ്സ് വരെ ക്രമീകരിക്കാൻ കഴിയുന്ന ട്രൂ ടോൺ (True Tone) ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഇതിലുണ്ട്.
- ഫേഷ്യൽ റെക്കഗ്നിഷൻ: ഒരേസമയം ആറ് വ്യക്തികളെ വരെ തിരിച്ചറിയാനും ഓരോരുത്തർക്കും വേവ്വേറെ ആപ്പ് ലിസ്റ്റുകളും വിജറ്റുകളും നൽകാനും ഇതിന് സാധിക്കും. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത നിലനിർത്തുന്നതോടൊപ്പം ഫോട്ടോ ആൽബങ്ങളും സംഗീതവും കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് ഉപയോഗിക്കാനും സാധിക്കുന്നു.
സിരി എഐ
- പുതിയ സിരി എഐ അസിസ്റ്റന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന തരത്തിലാണ് ഹോം വ്യൂ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- സന്ദേശങ്ങൾ അയക്കുക, കലണ്ടറുകൾ അപ്‌ഡേറ്റ് ചെയ്യുക, ആപ്പിൾ മ്യൂസിക് പ്ലേലിസ്റ്റുകൾ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങൾ സിരി വഴിയുള്ള സ്വാഭാവിക സംഭാഷണങ്ങളിലൂടെ നിർവ്വഹിക്കാം.
- ഡിജിറ്റൽ ഫോട്ടോ ഫ്രെയിം പോലെ ഫോട്ടോ ആൽബങ്ങൾ പ്രദർശിപ്പിക്കാനും ഇതിൽ സൗകര്യമുണ്ട്.
ശബ്ദസംവിധാനവും സുരക്ഷയും:
- അക്കൗസ്റ്റിക് സിസ്റ്റം: ആപ്പിൾ സിലിക്കൺ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇതിൽ രണ്ട് ഫുൾ റേഞ്ച് ഡ്രൈവറുകൾ, ഡൗൺ ഫയറിങ് വൂഫർ, രണ്ട് പാസീവ് റേഡിയേറ്ററുകൾ എന്നിവ അടങ്ങിയ അക്കൗസ്റ്റിക് സിസ്റ്റമാണുള്ളത്. തത്സമയ സെൻസറുകൾ ഉപയോഗിച്ച് മികച്ച ബാസ് പ്രതികരണവും ശബ്ദവും ഇത് നൽകുന്നു.
- സ്മാർട്ട് ഹോം നിയന്ത്രണം: ക്യാമറകൾ, ലൈറ്റുകൾ, തെർമോസ്റ്റാറ്റുകൾ, ലോക്കുകൾ, ബ്ലൈൻഡുകൾ എന്നിവ തൊട്ടോ സിരി വോയ്‌സ് കമാൻഡുകൾ വഴിയോ നിയന്ത്രിക്കാം. ഒരേസമയം ഒമ്പത് ക്യാമറ ഫീഡുകൾ വരെ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും.
- അലാറം/സുരക്ഷാ മുന്നറിയിപ്പുകൾ: iCloud+ സബ്‌സ്‌ക്രിപ്‌ഷനോടെ ആളുകൾ, വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ പോലുള്ളവ തിരിച്ചറിയാനും പുക, കാർബൺ മോണോക്സൈഡ് അലാറം ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് മൊബൈൽ ഉപകരണങ്ങളിലേക്ക് അലേർട്ടുകൾ അയക്കാനും സാധിക്കും.
- ഡാറ്റ സ്വകാര്യത: ക്യാമറ, മൈക്രോഫോൺ വിവരങ്ങൾ പൂർണമായും സുരക്ഷിതമായാണ് കൈകാര്യം ചെയ്യുകയെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
- മറ്റ് കണക്റ്റിവിറ്റി: മാറ്റർ (Matter), എൽജി ഇലക്ട്രോണിക്സ്, ഷ്നൈഡർ ഇലക്ട്രിക് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച ആപ്പിൾ ഹോം കളക്ഷൻ (Apple Home Collection) ഉൽപ്പന്നങ്ങളുമായും ഇത് യോജിച്ച് പ്രവർത്തിക്കും.
Content Highlights: Apple has officially launched its new 'HomeView' smart home hub featuring a 7-inch Liquid Retina display, advanced Siri AI integration, and facial recognition for personalized user profiles, available in India at Rs 39,900