യു.എസ്. യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ സൂപ്പർ സോണിക് മിസൈൽ; ഇറാനെ സഹായിച്ച് റഷ്യ

ലണ്ടൻ: പശ്ചിമേഷ്യയിലെ യു.എസ്. വിമാനവാഹിനി കപ്പലുകളെയും മറ്റ് യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് അതിവേഗ സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കാൻ ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോർട്ട്. 'C430L' എന്ന രഹസ്യ കോഡ് നാമത്തിലുള്ള പദ്ധതിയിലൂടെ 2023 മുതൽ റഷ്യയിലെ പ്രമുഖ മിസൈൽ വിദഗ്ധർ ഇറാനെ സഹായിച്ചുവരികയാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ശബ്ദത്തേക്കാൾ പലമടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന മിസൈലുകൾക്ക് കരുത്തു പകരുന്ന റാംജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം (ramjet propulsion system) വികസിപ്പിക്കാൻ ഇറാനെ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇത്തരം മിസൈലുകളുടെ അമിതവേഗവും ഭൂമിക്ക് തൊട്ടുമുകളിലൂടെയുള്ള കുറഞ്ഞ ഉയരത്തിലുള്ള പറക്കലും കാരണം വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ കണ്ടെത്താനും തടുക്കാനും ബുദ്ധിമുട്ടാണ്.
റഷ്യയുടെ ഔദ്യോഗിക ആയുധ കയറ്റുമതിക്കാരായ റോസോബോറോൺ എക്സ്പോർട്ടും പ്രമുഖ മിസൈൽ നിർമ്മാതാക്കളായ എൻ.പി.ഒ മാഷിനോസ്ട്രോയേനിയയും പദ്ധതിയിൽ പങ്കാളികളാണ്. ചോർന്നുകിട്ടിയ റഷ്യൻ ഇ-മെയിൽ ആശയവിനിമയങ്ങൾ, യാത്രാരേഖകൾ, സൈനിക പേറ്റന്റുകൾ എന്നിവയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഫിനാൻഷ്യൽ ടൈംസ് ഈ അന്വേഷണം നടത്തിയത്. 2023 നവംബറിൽ ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക കരാർ ഒപ്പിടുന്നതിന് മുമ്പുതന്നെ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് വിവരം. കേവലം ആയുധങ്ങൾ കൈമാറുന്നതിനപ്പുറം, ഇറാന് സ്വന്തമായി അത്യാധുനിക മിസൈലുകൾ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതികവിദ്യയും വൈദഗ്ധ്യവും പകർന്നു നൽകുന്നതാണ് ഈ രഹസ്യ പദ്ധതി.
അന്തരീക്ഷത്തിലെ വായു വലിച്ചെടുത്ത് പ്രവർത്തിക്കുന്ന എഞ്ചിൻ സംവിധാനമാണ് റാംജെറ്റ്. ഇത് മിസൈലുകൾക്ക് ശബ്ദത്തേക്കാൾ പലമടങ്ങ് വേഗം നൽകുന്നു. ഈ സാങ്കേതികവിദ്യ സ്വന്തമാക്കാൻ ഇറാൻ വർഷങ്ങളായി ശ്രമിച്ചുവരികയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി 2019-ൽ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. തുടർന്ന് 2023 ഓഗസ്റ്റിൽ ഇറാൻ ഇതിന്റെ പ്രോട്ടോടൈപ്പുകൾ പരീക്ഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ഇറാന്റെ മിസൈൽ പരീക്ഷണങ്ങളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് പ്രൊപ്പൽഷൻ സിസ്റ്റത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനാണ് റഷ്യൻ എഞ്ചിനീയർമാർ സഹായിച്ചത്.
പശ്ചിമേഷ്യയിലെ യു.എസ്. കപ്പലുകളെ പ്രതിരോധത്തിലാക്കാൻ ഇങ്ങനെ വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾക്ക് സാധിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇവ പ്രധാനമായും കപ്പലുകളെയും കരയിലെ ലക്ഷ്യങ്ങൾ തകർക്കാനും ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ, റഷ്യൻ സഹായത്തോടെ വികസിപ്പിച്ച ഇത്തരം സൂപ്പർ സോണിക് മിസൈലുകൾ ഇറാൻ നിലവിൽ വിന്യസിച്ചതിന് തെളിവുകളൊന്നുമില്ല. ഇറാൻ ഇതിന്റെ എൻജിൻ വിജയകരമായി പരീക്ഷിച്ചെങ്കിലും, പൂർണ്ണസജ്ജമായ മിസൈൽ നിർമ്മിക്കുന്നത് ഇനിയും പൂർത്തിയാകേണ്ട ഘട്ടമാണ്.
റഷ്യയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന സൈനിക സൗഹൃദത്തിന്റെ തെളിവാണ് ഈ രഹസ്യ മിസൈൽ പദ്ധതി. യുക്രൈൻ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്ന ഡ്രോണുകൾ ഇറാനാണ് വിതരണം ചെയ്തത്. ഇതിനുപുറമെ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം വിപുലമാക്കിയിട്ടുണ്ട്.
Content Highlights: Russia is secretly helping Iran develop supersonic cruise missiles under the codename 'C430L'., The project focuses on ramjet propulsion systems to bypass air defense systems., Russian defense firms are providing technical expertise and training to Iranian engineers., This highlights the deepening military alliance between Russia and Iran amidst regional tensions.