കണ്ടാൽ ചരക്കുകപ്പൽ, ഉള്ളിൽ മിസൈലുകളും ഡ്രോണുകളും; യു.എസിനേപ്പോലും വെല്ലുവിളിക്കുന്ന ചൈന

#ഡിഫന്‍സ് ഡെസ്‌ക്
video grab image
video grab image

ബീജിങ്: ചരക്കുകപ്പലുകളെ പോലെയുള്ള യുദ്ധക്കപ്പൽ നിർമിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഷാങ്ഹായിലെ ഹുഡോംഗ്-ഷോങ്ഹുവ (Hudong-Zhonghua) കപ്പൽശാലയിൽ നങ്കൂരമിട്ടിരിക്കുന്ന 'ഷോങ്ഡ 79' (Zhongda 79) എന്ന ചരക്കുകപ്പലാണ് ലോകത്തെ അസ്വസ്ഥപ്പെടുത്തുന്നത്. കപ്പലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സാധാരണ ഗതിയിൽ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന 97 മീറ്റർ നീളമുള്ള കണ്ടെയ്നർ കപ്പലിനേയാണ് ചൈന യുദ്ധക്കപ്പലാക്കി രൂപാന്തരപ്പെടുത്തിയതെന്നാണു വിവരം. ഇതിൽ അത്യാധുനിക ഡ്രോണുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കാറ്റപ്പൾട്ട് (electromagnetic catapult) ഘടിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മാത്രമല്ല, കണ്ടെയ്നറുകൾക്കുള്ളിൽ ഒളിപ്പിക്കാവുന്ന മിസൈൽ ലോഞ്ചറുകളും ഇതിലുണ്ട്.

ഈ ചരക്കുകപ്പലിൽ യുദ്ധക്കപ്പലുകൾക്ക് സമാനമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ഡ്രോണുകളെയും യുദ്ധവിമാനങ്ങളെയും വിക്ഷേപിക്കാനുള്ള മോഡുലാർ കാറ്റപ്പൾട്ട് സംവിധാനവും മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന വെർട്ടിക്കൽ ലോഞ്ച് മിസൈൽ സെല്ലുകളും. കപ്പലിൽ വിക്ഷേപണത്തിന് തയ്യാറായി നിൽക്കുന്ന തരത്തിലുള്ള സ്റ്റെൽത്ത് ഡ്രോണുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു സാധാരണ കണ്ടെയ്നർ കപ്പലിനെ യുദ്ധക്കളത്തിൽ ഉപയോഗിക്കാൻ കഴിയുന്ന 'ആഴ്സണൽ ഷിപ്പ്' (arsenal ship) ആക്കി മാറ്റാൻ ചൈനയ്ക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ.

നിലവിൽ 370-ലധികം യുദ്ധക്കപ്പലുകളുമായി ചൈനീസ് നാവികസേന (PLAN) ലോകത്തിലെ ഏറ്റവും വലിയ നാവികസേനയായി മാറിയിട്ടുണ്ട്. അമേരിക്കയുടെ പക്കൽ 290 സൈനിക കപ്പലുകൾ മാത്രമാണുള്ളതെങ്കിലും സാങ്കേതികമായി അവർക്ക് മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ, ചൈനയുടെ ഈ പുതിയ നീക്കങ്ങൾ ആ മേൽക്കൈ ഇല്ലാതാക്കുകയാണ്. യു.എസുമായി നേരിട്ട് ഏറ്റുമുട്ടേണ്ട സാഹചര്യമുണ്ടായാൽ ഏത് ചരക്കുകപ്പലിനെയും വളരെ പെട്ടെന്ന് യുദ്ധക്കളത്തിലേക്ക് ഉപയോഗിക്കാനായി അയയ്ക്കാൻ കഴിയുന്ന സംവിധാനമാണ് ചൈന ഒരുക്കിയിരിക്കുന്നത്.

ചൈനയുടെ പക്കൽ 4,000-ലധികം ചരക്കുകപ്പലുകളാണ് ഉള്ളത്. ഇവയെ യുദ്ധക്കപ്പലാക്കി മാറ്റാൻ ചൈനയ്ക്ക് സാധിക്കുമെന്നുവന്നാൽ അത് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. വാണിജ്യ കപ്പലുകളെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ സഹായിക്കും. കൂടാതെ, ഇത്തരം കപ്പലുകളിൽനിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകൾക്ക് ഒരേസമയം വലിയ കൂട്ടമായി ആക്രമണം നടത്തി ഏത് പ്രതിരോധത്തെയും തകർക്കാൻ സാധിക്കുമെന്നുള്ളതാണ് പ്രതിസന്ധിയുണ്ടാക്കുക.

ഇവയെ പ്രതിരോധിക്കുന്നതിനിടെ ചൈനീസ് യുദ്ധക്കപ്പലുകൾക്ക് അനായാസം എതിരാളികളുടെ സമുദ്രാതിർത്തിയെ മറികടന്ന് കയറാൻ സാധിക്കുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഇവ വെറും കൺസെപ്റ്റ് മാതൃകയാകാമെന്ന വാദവും ഉയരുന്നുണ്ട്. അല്ലെങ്കിൽ ഒരു പ്രോട്ടോ ടൈപ്പ് ആകാനും മതി. എന്നിരുന്നാലും ചരക്കുകപ്പലിനെ യുദ്ധക്കപ്പലാക്കി മാറ്റാനുള്ള ആശയം തന്നെ മറ്റ് രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.

സൗത്ത് ചൈന കടൽ മുതൽ ലാറ്റിനമേരിക്കയിൽ വരെ ചൈനീസ് കമ്പനികൾക്ക് നിയന്ത്രണമുള്ള തുറമുഖങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ എത്തുന്ന കപ്പലുകൾ ചരക്കുകപ്പലാണോ അതോ യുദ്ധക്കപ്പലാണോ എന്ന് തിരിച്ചറിയുക പ്രയാസമാകും. യു.എസിനെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷാ വെല്ലുവിളിയായാണ് ഇതിനെ കണക്കാക്കുന്നത്.

Content Highlights: China is transforming ordinary cargo ships into potent warships with advanced drone and missile capabilities. Discover the implications for global security.