ഇടിക്കൂട്ടില്‍ പൊന്‍തിളക്കമായി ലവ്‌ലിനയും; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ന്യൂഡല്‍ഹി: വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ലവ്‌ലിന ബോര്‍ഗോഹൈനാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. വനിതകളുടെ 75 കിലോ വിഭാഗത്തിലാണ് ലവ്‌ലിനയുടെ നേട്ടം.
ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം കൈറ്റ്‌ലിന്‍ പാര്‍ക്കറെയാണ് ലവ്‌ലിന പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവ് കൂടിയായ കൈറ്റ്‌ലിന്‍ പാര്‍ക്കറിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ലവ്‌ലിനയുടെ സ്വര്‍ണമെഡല്‍ നേട്ടം. 5-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ലവ്‌ലിനയുടെ ആദ്യ സ്വര്‍ണമാണിത്.
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് ലവ്‌ലിന. 2018-ലും 2019-ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാനും ലവ്‌ലിനയ്ക്ക് കഴിഞ്ഞു. കരിയറിലെ ആദ്യ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ വിജയിക്കാന്‍ സാധിച്ചത് താരത്തിന് നേട്ടമായി.
ഇതോടെ 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നാല് സ്വര്‍ണനേട്ടത്തോടെ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നീതു ഘന്‍ഘാസ്, സവീറ്റി ബൂറ, നിഖാത് സരിന്‍ എന്നിവരാണ് നേരത്തേ സ്വര്‍ണം നേടിയവര്‍.
Content Highlights: World Boxing Final Live: Lovlina Borgohain wins