വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി; ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടം, ലോകകപ്പ് യോഗ്യത

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/TheHockeyIndia/
Photo: x.com/TheHockeyIndia/

മോഖി (ചൈന): എഎച്ച്എഫ് വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യൻ ടീമിന്. ചൈനയിലെ മോഖിയിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ചൈനയെ 1-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീമിന്റെ കിരീടനേട്ടം. ഇന്ത്യയുടെ ഹാട്രിക്ക് കിരീട നേട്ടമാണിത്. ഇതോടെ ജൂനിയർ ഹോക്കി ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ സനിക ചന്ദ്രകാന്ത് മാനെയാണ് ഇന്ത്യയ്ക്കായി സ്‌കോർ ചെയ്തത്. ആദ്യ ക്വാർട്ടറിൽ ചൈന മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും ഇന്ത്യ പ്രതിരോധം ശക്തമാക്കി. രണ്ടാം ക്വാർട്ടർ തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ, ചൈനീസ് പെനാൽറ്റി സർക്കിളിലേക്ക് വന്ന നീളൻ സ്ലാപ്പ്-പുഷ് ഗോൾകീപ്പർ ഷു മെങ്ജിയോയെ മറികടന്ന് സനിക സമർഥമായി വലയിലാക്കുകയായിരുന്നു.

ടൂർണമെന്റിലുടനീളം തോൽവിയറിയാതെയാണ് ഇന്ത്യ കിരീടമണിഞ്ഞത്. എലൈറ്റ് പൂളിൽ മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി ഒന്നാമതെത്തിയ ഇന്ത്യ, സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 5-1 ന് തകർത്താണ് ഫൈനലിലെത്തിയത്. ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ ഓരോ കളിക്കാർക്കും മൂന്ന് ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 1.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു.

Content Highlights: India defeated hosts China 1-0 in the final to win the Women's Junior Asia Cup Hockey 2026., This victory marks a historic hat-trick title win for the Indian junior women's team., Sanika Chandrakant Mane scored the winning goal in the 17th minute., With this win, India successfully secured qualification for the Junior Hockey World Cup., Hockey India announced cash prizes of 3 lakh rupees for players and 1.5 lakh rupees for support staff.