വിംബിള്‍ഡണ്‍ റണ്ണറപ്പ് ഒന്‍സ് ജാബിയുറിന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ആദരം

Photo: twitter.com/Ons_Jabeur
Photo: twitter.com/Ons_Jabeur

ടുണിസ്: ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ റണ്ണറപ്പായ ടുണീഷ്യന്‍ താരം ഒന്‍സ് ജാബിയുറിന് രാജ്യത്തിന്റെ പ്രസിഡന്റിന്റെ ആദരം.

ആധുനികകാലത്ത് ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയും ആദ്യ അറബ് വനിതയുമായിരുന്നു ഒന്‍സ് ജാബിയുര്‍.

കാര്‍ത്താജിലെ പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിക്കപ്പെട്ട ജാബിയുറിന് ടുണീഷ്യന്‍ പ്രസിഡന്റ് കയിസ് സയിദ് പരമോന്നത ബഹുമതിയായ നാഷണല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് മെഡല്‍ സമ്മാനിച്ചു.

27-കാരിയായ താരം പരിശീലകന്‍ ഇസ്സാം ജെല്ലാലി, ഭര്‍ത്താവ് കരീം കമൗന്‍ എന്നിവര്‍ക്കൊപ്പമാണ് എത്തിയത്. പ്രസിഡന്റിനൊപ്പമുള്ള ചിത്രം ജാബിയുര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ജൂലായ് ഒമ്പതിന് നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ കസാഖ്‌സ്താന്റെ എലെന റൈബാക്കിനയാണ് ജാബിയുറിനെ പരാജയപ്പെടുത്തി കീരിടമണിഞ്ഞത്. മത്സര ശേഷം നാട്ടില്‍ തിരിച്ചെത്തിയ ജാബിയുറിന് വമ്പിച്ച വരവേല്‍പ്പാണ് രാജ്യത്തെ ജനങ്ങളില്‍ നിന്ന് ലഭിച്ചത്.

Content Highlights: Wimbledon 2022 runner-up Ons Jabeur honoured at Presidential Palace