മിധീഷിന്റെ വെള്ളിക്ക് ഫാം നടത്തിയും കൃഷിചെയ്തും ഗിരീഷ് നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ തിളക്കം

ഫൈനൽ മത്സരശേഷം പരിക്കേറ്റ് ചികിത്സ തേടുന്ന മിധീഷ്, പരിശീലകൻ ഗിരീഷ്
ഫൈനൽ മത്സരശേഷം പരിക്കേറ്റ് ചികിത്സ തേടുന്ന മിധീഷ്, പരിശീലകൻ ഗിരീഷ്

വർഷങ്ങൾക്ക് മുൻപ് വയനാട്ടുകാരൻ ഗിരീഷ് പശുക്കളെ വാങ്ങാനുള്ള തീരുമാനമെടുക്കുന്നത് വെറുതെയായിരുന്നില്ല. ട്രാക്കിൽ കുതിക്കാൻ കെൽപ്പുള്ള കുട്ടികളെ തലയുയർത്തി നിർത്താനായിരുന്നു. അവരെ ചേർത്തുപിടിച്ച് കൂടെ ഓടിയതും അതുകൊണ്ടുതന്നെ. നാൽപ്പത്തിയഞ്ചുവർഷം മുമ്പ് ട്രാക്കിൽ മെഡൽ നേടിയ ആ പഴയ അത്‌ലറ്റ് കണ്ടുതുടങ്ങിയ സ്വപ്നങ്ങൾക്ക് അന്ന് അത്ര തിളക്കമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വയനാടിനായി മിധീഷ് എം നേടിയ വെള്ളിമെഡലിന് പൊൻതിളക്കമായിരുന്നു. ആ സ്വപ്നങ്ങളുടെ തുടർച്ച.

സബ് ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിലാണ് മിധീഷ് വെള്ളി നേടിയത്. വയനാട് ജിഎച്ച്എസ്എസ് കാട്ടിക്കുളത്തെ വിദ്യാർഥിയാണ്. കായികമേളയിൽ വയനാടിന്റെ അഭിമാനമുയർത്തിയ മിധീഷ് 11.75 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ്സിലെ അഭയ് പ്രതാപാണ് ഒന്നാമതെത്തിയത്. മിധീഷ് മെഡൽ നേടുന്നതിന് പിന്നിൽ പരിശീലകനായ ഗിരീഷിന്റെ പ്രയത്‌നമുണ്ട്. നേട്ടത്തിൽ സന്തോഷമുണ്ടെന്നും സ്വർണം പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് വൈകുന്നേരമാണ് പരിശീലനം കൊടുക്കുന്നത്. ട്രാക്കില്ല. ജാവലിൻ എറിയാൻ സ്ഥലവുമില്ല. അതിനാൽ ആഴ്ചയിൽ രണ്ട് തവണ കുട്ടികളെ സിന്തറ്റിക് ട്രാക്കിലേക്ക് കൊണ്ടുപോകാറുണ്ട്. അവിടെ നിന്നാണ് കൂടുതൽ പരിശീലനം നടത്തുന്നത്. പക്ഷേ അതിന് 55 കിലോമീറ്ററോളം പോകണം. കാട്ടിക്കുളത്തെ അത്‌ലറ്റിക് അക്കാദമി രണ്ട് പതിറ്റാണ്ടിലധികമായി നടത്തുകയാണെന്നും ഗിരീഷ്  പറഞ്ഞു.

കൃഷിയും പശുഫാമും നടത്തിയാണ് ഗിരീഷ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. കുട്ടികൾക്ക് പരിശീലനത്തിനാവശ്യമായ സാമഗ്രികളെല്ലാം വാങ്ങിക്കൊടുക്കുന്നതും ഗിരീഷ് തന്നെ. അതും ഇതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ചെയ്യുന്നത്. ഈ വർഷം ജേഴ്‌സിയും ഷൂസുമെല്ലാം പലരും സ്‌പോൺസർ ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു.

വീട്ടാവശ്യങ്ങൾക്കൊക്കെയായി ആദ്യം മൂന്നുപശുക്കളാണ് ഉണ്ടായിരുന്നത്. അതേസമയം കുട്ടികൾക്ക് വേണ്ടി ആരും ഒന്നും തരാത്ത സ്ഥിതിയായി. എല്ലാത്തിനും പണം വേണമല്ലോ. അതുകൊണ്ട് കൂടുതൽ പശുക്കളെ വാങ്ങി. നിലവിൽ ഫാമിൽ 13 പശുക്കളാണുള്ളത്. ഒപ്പം നെൽകൃഷിയുമുണ്ട്. കുടുംബത്തിന്റെയും കുട്ടികളുടെയും ചെലവുകളെല്ലാം ഈ വരുമാനം കൊണ്ടാണ് നടത്തുന്നതെന്നും ഗിരീഷ് പറഞ്ഞു.

എൺപതുകളിൽ 400 മീറ്ററിലും 800 മീറ്ററിലുമെല്ലാം മത്സരിച്ചയാളാണ് ഗിരീഷ്. എന്നാൽ കരിയറിൽ മുന്നോട്ടുപോകാനായില്ല. പതിറ്റാണ്ടുകൾക്കിപ്പുറം പരിശീലകവേഷമണിഞ്ഞ് ഗിരീഷ് സാറെത്തി. ട്രാക്കിൽ കുട്ടികൾക്ക് അടിതെറ്റാതെ കുതിക്കാനുള്ള വഴി പറഞ്ഞുകൊടുത്തുതുടങ്ങി. ആദ്യം നാലുപേരുമായാണ് ഇത് തുടങ്ങിയത്. പിന്നാലെ ക്യാമ്പ് വഴി കുട്ടികളെ കണ്ടുപിടിച്ച് ഉയർത്തികൊണ്ടുവരാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. സംസ്ഥാന ഒളിമ്പിക്‌സിലെ മിധീഷിന്റെ വെള്ളി ആ പ്രയത്‌നത്തിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ്.