വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം-സുപ്രീം കോടതി; ട്രയൽസിൽ പങ്കെടുക്കാം,WFIക്ക് കനത്ത തിരിച്ചടി

#സ്പോർട്സ് ഡെസ്ക്
വിനേഷ് ഫോഗട്ട് |ഫോട്ടോ:PTI
വിനേഷ് ഫോഗട്ട് |ഫോട്ടോ:PTI

ന്യൂഡൽഹി: ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ട്രയൽസിൽ വിനേഷിന് പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ  (WFI) നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്.

വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ. അവർ രാജ്യത്തിന്റെ അഭിമാനമാണ്.-സുപ്രീം കോടതി പരാമർശിച്ചു.

ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ഫോഗട്ടിന് അനുകൂലമായി നിലപാടെടുത്തതോടെ താരത്തിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. ഇന്ത്യൻ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാണിത്.

ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ നേരത്തെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ ഹൈക്കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഫെഡറേഷൻ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയലിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതാണ് ഫോഗട്ടിന് തിരിച്ചടിയായത്. പുതിയ നിയമങ്ങൾക്ക് കീഴിൽ, 2025 ലും 2026 ലും തിരഞ്ഞെടുക്കപ്പെട്ട ടൂർണമെന്റുകളിൽ നിന്ന് മെഡൽ നേടിയവർക്ക് മാത്രമേ ട്രയലുകളിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവുകയുള്ളൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഒരു പ്രൊഫഷണൽ ടൂർണമെന്റിലും വിനേഷ് ഫോഗട്ട് പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ വരുന്നതോടുകൂടി താരം പുറത്തായി. ഇതിനെ തുടർന്നാണ് നിയമപോരാട്ടം നടന്നത്.

Content Highlights: Supreme Court refuses to stay Delhi High Court order allowing Vinesh Phogat to participate in Asian Games trials., Court acknowledged Vinesh Phogat's status as a national pride., Wrestling Federation of India (WFI) plea against the athlete rejected., Controversy stemmed from 2026 qualification criteria excluding athletes inactive since 2024.