ചരിത്രമെഴുതി തൻവി! തായ്‌പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് പതിനേഴുകാരി

#സ്പോർട്സ് ഡെസ്ക്

തായ്‌പേയ്: തായ്‌പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം തൻവി ശർമ. ഫൈനലിൽ വിയറ്റ്‌നാം താരം എൻഗുയെൻ തുയ് ലിന്നിനെ പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകളിലാണ് ജയം. സ്കോർ: 21-16, 21-16.

ഫൈനലിൽ തൻവിക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ വിയറ്റ്നാം താരത്തിന് സാധിച്ചില്ല. ആദ്യ ഗെയിം 21-16 ന് വിജയിച്ച തൻവി രണ്ടാം ഗെയിമിലും ആ മികവ് തുടർന്നു. അതോടെ വെറും 36 മിനിറ്റിൽ ഫൈനൽ പോരാട്ടം അവസാനിച്ചു. നേരത്തേ അഞ്ചാം സീഡ് തായ്‌പേയിയുടെ ഹുയാങ് യു സെന്നിനെ സെമി ഫൈനലിൽ കീഴടക്കിയാണ് കൗമാരതാരം കിരീടപോരാട്ടത്തിന് അർഹത നേടിയത്.

ബാഡ്മിന്റൺ വേൾഡ് ടൂറിലെ തൻവിയുടെ കന്നിക്കിരീടമാണിത്. ഒഡിഷ മാസ്റ്റേഴ്‌സ് സൂപ്പർ 100-ലും ഗുവാഹാട്ടി മാസ്റ്റേഴ്‌സ് 100-ലും താരം ഫൈനലിൽ കീഴടങ്ങിയിരുന്നു. യു.എസ്. ഓപ്പൺ സൂപ്പർ 300 ടൂർണമെന്റിലും റണ്ണറപ്പായിരുന്നു. പഞ്ചാബുകാരിയായ തൻവി 2024-ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

Content Highlights: 17-year-old Tanvi Sharma wins maiden BWF World Tour title