സ്വിസ് ഓപ്പണ്‍: സിന്ധു പുറത്ത്, സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍

Photo: PTI
Photo: PTI

ബേണ്‍: രണ്ട് തവണ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ സൂപ്പര്‍ താരം പി.വി.സിന്ധുവിന് വീണ്ടും തിരിച്ചടി. സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് താരം പുറത്തായി. രണ്ടാം റൗണ്ടില്‍
സീഡില്ലാതാരമായ ഇന്‍ഡൊനീഷ്യയുടെ പുത്രി കുസുമ വര്‍ദാനിയാണ് സിന്ധുവിനെ അട്ടിമറിച്ചത്. എന്നാല്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റംഗിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലെത്തി. 

വമ്പന്‍ അട്ടിമറിയിലൂടെയാണ് സിന്ധു പുറത്തായത്. ലോകറാങ്കിങ്ങില്‍ 38-ാം സ്ഥാനത്തുള്ള കുസുമയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 15-21, 21-12, 18-21. സിന്ധുവിനെതിരേ കുസുമയുടെ ആദ്യ വിജയം കൂടിയാണിത്. 

ഈ വര്‍ഷം സിന്ധുവിന്റെ മോശം ഫോം തുടരുകയാണ്. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, മലേഷ്യ ഓപ്പണ്‍, ഇന്ത്യന്‍ ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളില്‍ താരം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. പരിശീലകന്‍ പാര്‍ക്ക് തേ സാങ്ങുമായി പിരിഞ്ഞ ശേഷം സിന്ധുവിന് ഫോം കണ്ടെത്താനായിട്ടില്ല. 

പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം തായ്‌വാന്റെ ഫാങ് ചിഹ് ലീ- ഫാങ് ജെന്‍ ലീവിത്ത് ജോഡിയെ കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍: 12-21, 21-17, 28-26. ലോക ആറാം നമ്പര്‍ ടീമായ ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ ഡാനിഷ് ജോഡികളായ ജെപ്പി ബേയ്-ലാസി മോല്‍ഹെഡെ സഖ്യത്തെ നേരിടും.
 

Content Highlights: Swiss Open: Satwik-Chirag duo enters quarterfinals, PV Sindhu bows out