ഒടിഞ്ഞ പോളിനും തകർക്കാൻ കഴിയാത്ത ലക്ഷ്യം, അപ്പയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് സെഫാനിയ

തിരുവനന്തപുരം: ’’ഞാൻ സ്വർണം നേടണമെന്നത് അപ്പയുടെ വലിയ ആഗ്രഹമായിരുന്നു. കഴിഞ്ഞതവണ വെള്ളി നേടിയപ്പോൾ അടുത്തവർഷം അത് സ്വർണമാക്കണമെന്ന് അപ്പ പറഞ്ഞിരുന്നു. സ്വർണം നേടിയപ്പോൾ അതുകാണാൻ അപ്പ കൂടെയില്ല." ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽനിന്ന് ഇങ്ങനെ പറഞ്ഞുവെക്കുമ്പോൾ സെഫാനിയയുടെ ശബ്ദം ഇടറി. സ്വർണത്തിളക്കത്തിലും ആ സങ്കടം ബാക്കിയാണ്. പിന്നെ അവൾ ഉറപ്പിച്ചുപറഞ്ഞു ‘ഇല്ല, അപ്പൻ കൂടെയുണ്ട്.’
കോതമംഗലം മാർബേസിൽ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി സെഫാനിയ ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ 2.80 മീറ്റർ മറികടന്നാണ് സ്വർണം നേടിയത്. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ അമൽചിത്ര (2.60 മീറ്റർ) വെള്ളിയും ഇതേ സ്കൂളിലെ കെ. അനുഷ്ക (2.40 മീറ്റർ) വെങ്കലവും നേടി.കഴിഞ്ഞതവണ സംസ്ഥാന മീറ്റിൽ സെഫാനിയ വെള്ളി നേടിയിരുന്നു. അതു സ്വർണമാക്കി മാറ്റാനുള്ള പരിശ്രമത്തിനിടയിലാണ് കഴിഞ്ഞ മേയിൽ പിതാവ് നിറ്റു ആന്റണി വിടപറഞ്ഞത്. മെഡിക്കൽ റപ്പായിരുന്ന നിറ്റു ആന്റണി അസുഖം ബാധിച്ചാണ് മരിക്കുന്നത്. "കഴിഞ്ഞവർഷം അപ്പൻ മത്സരം കാണാൻ വന്നപ്പോൾ വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. അടുത്തതവണ സ്വർണം നേടണമെന്ന് അപ്പൻ പറഞ്ഞിരുന്നു. ആ ആഗ്രഹം നിറവേറ്റണമെന്ന് അമ്മയും പറഞ്ഞ് പ്രചോദനമായി. ട്രയൽ ജംപിനിടയിൽ പോൾ ഒടിഞ്ഞത് ആശങ്കയിലാക്കിയെങ്കിലും ലക്ഷ്യത്തിലെത്തി.."- സെഫാനിയ പറഞ്ഞു.
ഏഴാം ക്ലാസ് വിദ്യാർഥിയായ സാന്റിനോ സഹോദരനാണ്."അവളുടെ അപ്പയും സ്പോർട്സിൽ സജീവമായിരുന്നു. കഴിഞ്ഞവർഷം ഞങ്ങൾ രണ്ടുപേരുംകൂടിയാണ് മീറ്റിനു വന്നത്. ഇന്നും അപ്പ അവളുടെ കൂടെയുണ്ട്.. അതുകൊണ്ടാണ് സ്വർണം കിട്ടിയതെന്ന് ഞാൻ കരുതുന്നു. ഒപ്പം പരിശീലകനായ മധു സാറിന്റെ പിന്തുണയും- സെഫാനിയയുടെ അമ്മ ധന്യ പ്രതികരിച്ചു.
Content Highlights: Sephania, a young pole vaulter, achieves her dream of winning gold, honoring her late father`s wish despite a broken pole and immense personal loss.