സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം സെമി ഫൈനലില്‍

ബേണ്‍: ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സ്വിസ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. വാശിയേറിയ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം ഡെന്മാര്‍ക്കിന്റെ ജെപ്പെ ബേ- ലാസ്സെ മോള്‍ഹെഡെ സഖ്യത്തെ തകര്‍ത്തു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം നേടിയത്. മത്സരം 84 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 15-21, 21-11, 21-14. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും ഇന്ത്യന്‍ സഖ്യം വമ്പന്‍ തിരിച്ചുവരവ് നടത്തി വിജയം കൈയ്യിലാക്കുകയായിരുന്നു.
നിലവില്‍ സ്വിസ് ഓപ്പണിലെ ഇന്ത്യയുടെ ഏക കിരീട പ്രതീക്ഷയാണിവര്‍. മറ്റ് താരങ്ങളെല്ലാം തന്നെ ഇതിനോടകം പുറത്തായിക്കഴിഞ്ഞു. സെമിയില്‍ മലേഷ്യയുടെ ഓങ് യൂ സിന്‍-തിയോ ഈ യി സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി.
ഈയിടെ അവസാനിച്ച ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സാത്വിക്-ചിരാഗ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ മികച്ചൊരു തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം സ്വിസ് ഓപ്പണിലൂടെ പ്രതീക്ഷിക്കുന്നത്.
Content Highlights: Satwiksairaj Rankireddy-Chirag Shetty Duo Enters Semi-final Of Swiss Open