സ്വിസ് ഓപ്പണില്‍ ചരിത്രമെഴുതി സാത്വിക്-ചിരാഗ് സഖ്യം; ഇന്ത്യയുടെ ആദ്യ ഡബിള്‍സ് കിരീടം

ബേണ്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. സ്വിസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് 300 ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടാണ് സാത്വിക്-ചിരാഗ് സഖ്യം പുതുചരിത്രമെഴുതിയത്. ഫൈനലില്‍ ചൈനയുടെ താങ് ക്വിയാന്‍-റെന്‍ യു സിയാങ് സഖ്യത്തെയാണ് സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം. എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെ ആധികാരികമായാണ് ഇന്ത്യന്‍ സഖ്യം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍; 21-19, 24-22 . ലോക 21-ാം നമ്പറുകാരായ ചൈനീസ് സഖ്യത്തെ 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് കീഴടക്കിയത്.
സ്വിസ് ഓപ്പണ്‍ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഡബിള്‍സ് കിരീടമെന്ന ചരിത്രനേട്ടമാണ് സാത്വിക്-ചിരാഗ് സഖ്യം സ്വന്തമാക്കിയത്. സ്വിസ് ഓപ്പണിന്റെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഡബിള്‍സ് കിരീടം നേടാനായിട്ടില്ല.
കരിയറിലെ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ അഞ്ചാം വേള്‍ഡ് ടൂര്‍ കിരീടമാണിത്. 2022 കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സഖ്യത്തിന്റെ സീസണിലെ ആദ്യ കിരീടം കൂടിയാണ് സ്വിസ് ഓപ്പണിലേത്. ഈയിടെ നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം നേടാനായിരുന്നില്ല. സ്വിസ് ഓപ്പണ്‍ കിരീടനേട്ടത്തോടെ ഉഗ്രന്‍ തിരിച്ചുവരവ് നടത്താനും ഇന്ത്യന്‍ സഖ്യത്തിനായി.
Content Highlights: Satwiksairaj Rankireddy and Chirag Shetty win Swiss Open title