സബലെങ്കയോട് മധുരപ്രതികാരം; ഓസ്ട്രേലിയൻ ഓപ്പൺ കിരീടം എലേനാ റൈബാക്കിനയ്ക്ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം കസാഖ്‌സ്താന്റെ എലേനാ റൈബാക്കിനയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലിൽ ഒന്നാം സീഡ് ബലറൂസിന്റെ ആര്യാന സബലേങ്കയെ 6-4, 4-6, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് റൈബാക്കിനയുടെ കിരീട നേട്ടം. താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. സബലേങ്കയോട് 2023-ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ തോൽവിക്ക് മധുര പ്രതികാരം ചെയ്യാനും റൈബാക്കിനയ്ക്കായി. 2023-ലെ ഫൈനലിൽ റൈബാക്കിനയെ കീഴടക്കിയായിരുന്നു സബലേങ്ക കന്നിക്കിരീടം ചൂടിയത്.
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സബലേങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ വർഷം മാഡിസൺ കീസിനോടാണ് താരം പരാജയമറിഞ്ഞത്. 2022-ലെ വിംബിൾഡൺ നേട്ടത്തിനു ശേഷമുള്ള റൈബാക്കിനയുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടം കൂടിയാണിത്.
രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു റൈബാക്കിനയുടെ കിരീട നേട്ടം. ഓസ്ട്രേലിയൻ ഓപ്പണിൽ സബലേങ്കയുടെ തുടർച്ചയായ നാലാം ഫൈനലായിരുന്നു ഇത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ സബലേങ്കയെ ഒന്നാം സെറ്റിൽ തന്നെ വിറപ്പിക്കാൻ റൈബാക്കിനയ്ക്കായി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി സബലേങ്ക തിരിച്ചുവന്നു. നിർണായകമായ മൂന്നാം സെറ്റിൽ സബലേങ്ക 3-0ന് ലീഡെടുത്തതോടെ 2023-ന്റെ ആവർത്തനമാകുമെന്ന് കാണികൾ കരുതി. എന്നാൽ അസാധാരണ തിരിച്ചുവരവ് നടത്തിയ റൈബാക്കിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
Content Highlights: Elena Rybakina conquers the Australian Open, defeating Aryna Sabalenka in a thrilling final. Secure your tickets and witness history! Get updates on the Australian Open.