ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍

കെയ്‌റോ: ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍. ഈജിപ്തിലെ കെയ്‌റോയില്‍ വെച്ച് നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് കൗമാരതാരമായ രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.
വെറും 18 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ഈ സ്വര്‍ണത്തോടെ 2006 ന് ശേഷം ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍
താരം എന്ന റെക്കോഡ് രുദ്രാന്‍ക്ഷ് സ്വന്തമാക്കി. മുന്‍പ് ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.
ഈയിടെ അവസാനിച്ച ദേശീയ ഗെയിംസിലും രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ രുദ്രാന്‍ക്ഷ് ഫൈനലില്‍ ഇറ്റലിയുടെ ഡിഡി സൊലാസോയെ മറികടന്നാണ് സ്വര്‍ണം നേടിയത്. ഒരു ഘട്ടത്തില്‍ 4-10 ന് പിന്നില്‍ നിന്ന രുദ്രാന്‍ക്ഷ് പിന്നീട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് 17-13 എന്ന സ്‌കോറിന് വിജയം നേടിയെടുത്തു. സൊലാസോ വെള്ളിയും ചൈനയുടെ ലിഹാവോ ഷെങ് വെങ്കലവും നേടി.
ഈ വിജയത്തോടെ 2024 പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഈ 18 കാരന്‍ സ്വന്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യയുടെ മറ്റൊരു ഷൂട്ടറായ ബോവ്‌നീഷ് മെന്‍ഡിരത്തയും ഒളിമ്പിക് യോഗ്യത നേടിയിരുന്നു.
Content Highlights: Rudrankksh Patil, shooting world cup gold for india, 10 m air rifle, issf shooting, 2024 olympics