പ്രൈം വോളി ലീഗ്; താരലേലത്തിൽ പണം വാരി കേരളം

#സ്പോർട്സ് ഡെസ്ക്
പ്രതീകാത്മക ചിത്രം.|Photo credit: Canva
പ്രതീകാത്മക ചിത്രം.|Photo credit: Canva

കൊച്ചി: ഇന്ത്യൻ വോളിബോളിന്റെ പ്രൊഫഷണൽ മുഖമായ പ്രൈം വോളി ലീഗിന്റെ താരലേലത്തിൽ പണം വാരി കേരളം. ജെറോം വിനീതും ഷമീമുദ്ദീനും മുഹമ്മദ് നിഹാലും ടി.ആർ. സേതുവും എറിൻ വർഗീസും അടക്കമുള്ള കേരള താരങ്ങൾ മികച്ച തുക നേടിയാണ് വിവിധ ക്ലബ്ബുകളിൽ ചേക്കേറിയത്. ഗോവയിൽനടന്ന താരലേലത്തിൽ കേരള താരങ്ങൾക്കായി എല്ലാ ടീമുകളും ആവേശകരമായ ലേലം വിളിയാണ് നടത്തിയത്. 22.50 ലക്ഷം രൂപയ്ക്ക് ചെന്നൈ ബ്ലിറ്റ്‌സിലെത്തിയ കേരള താരം ജെറോം വിനീതും ഗോവ ഗാർഡിയൻസിലെത്തിയ ഹരിയാണ താരം ചിരാഗ് യാദവുമാണ് ലേലത്തിലെ സൂപ്പർ സ്റ്റാറുകളായത്. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 19 ലക്ഷം നൽകി മലയാളി താരം മുഹമ്മദ് നിഹാലിനെ സ്വന്തമാക്കിയപ്പോൾ 15 ലക്ഷത്തിന് മലയാളി താരം ടി.ആർ. സേതുവിനെ നേടാനാണ് ബെംഗളൂരു ടോർപിഡോസ് കൂടുതൽ തുക ചെലവഴിച്ചത്. മറ്റൊരു മലയാളി താരം പി.വി. ജിഷ്ണുവിനെ 14 ലക്ഷം രൂപയ്ക്കും ബെംഗളൂരു സ്വന്തമാക്കി.

മലയാളി താരം ഷമീമുദ്ദീനെ നേടാൻ 20 ലക്ഷം രൂപ ചെലവിട്ട കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മറ്റൊരു മലയാളി താരം എറിൻ വർഗീസിനായി 15 ലക്ഷം രൂപയും മുടക്കി. ജെറോം വിനീതിനെ 22.50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ചെന്നൈ 15.50 ലക്ഷം രൂപയ്ക്കാണ് മലയാളി താരം ഷോൺ ടി. ജോണിനെ നേടിയത്. മുഹമ്മദ് ജാസിം (ഡൽഹി തൂഫാൻസ്-11 ലക്ഷം), ജോൺ ജോസഫ് (ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് - 10 ലക്ഷം) കെ. രാഹുൽ (കൊൽക്കത്ത തണ്ടർബോൾട്ട്‌സ്-10 ലക്ഷം) തുടങ്ങിയ കേരള താരങ്ങളും ലേലത്തിൽ തിളങ്ങി. 10 ഇന്ത്യൻ കളിക്കാർക്കായി 77.50 ലക്ഷം രൂപ മുടക്കിയ ഗോവ ഗാർഡിയൻസാണ് താരലേലത്തിൽ കൂടുതൽ തുക വാരിയെറിഞ്ഞത്. ബെംഗളൂരു ടോർപിഡോസ് ഇത്രയും കളിക്കാർക്കായി 77 ലക്ഷം രൂപ മുടക്കിയപ്പോൾ കൊൽക്കത്ത തണ്ടർബോൾട്ട്‌സ് 76.25 ലക്ഷം രൂപയ്ക്കാണ് 10 ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കിയത്. അതേസമയം കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും താരതമ്യേന കുറഞ്ഞതുകയാണ് താരലേലത്തിൽ മുടക്കിയത്.

ഇരുടീമുകളും 10 കളിക്കാർക്കായി 69 ലക്ഷം രൂപവീതം മാത്രം മുടക്കിയപ്പോൾ 64.25 ലക്ഷം രൂപമാത്രം ചെലവഴിച്ച ചെന്നൈ ബ്ലിറ്റ്‌സാണ് കേരള ടീമുകളേക്കാൾ കുറഞ്ഞതുക ചെലവഴിച്ച ഏക ടീം.

Content Highlights: Kerala players secured high bids in the Prime Volleyball League auction., Jerome Vinith was bought by Chennai Blitz for 22.50 lakh rupees