കാൾസനെ വീണ്ടും മലർത്തിയടിച്ച് പ്രഗ്നാനന്ദ; നോർവേ ചെസ്സ് കിരീട സാധ്യതകൾ സജീവമാക്കി

#സ്പോർട്സ് ഡെസ്ക്ക്
മാഗ്നസ് കാൾസനും ആർ. പ്രഗ്നാനന്ദയും | ഫോട്ടോ - പി.ടി.ഐ.
മാഗ്നസ് കാൾസനും ആർ. പ്രഗ്നാനന്ദയും | ഫോട്ടോ - പി.ടി.ഐ.

ഒസ്‌ലോ: നോർവെ ചെസ്സിൽ ലോക ഒന്നാം നമ്പർ താരൻ മാഗ്നസ് കാൾസനെ മലർത്തിയടിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ക്ലാസിക്കൽ ചെസ്സിൽ നോർവീജിയൻ താരത്തെ രണ്ടാമതും കീഴടക്കിയാണ് പ്രഗ്നാനന്ദ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള പ്രഗ്നാനന്ദയുടെ സാധ്യതകൾ സജീവമായി.

കൂടാതെ, ഒരേ ടൂർണമെന്റിലെ ക്ലാസിക്കൽ മത്സരങ്ങളിൽ കാൾസനെ രണ്ടുതവണ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ ഇരുപതുകാരൻ സ്വന്തമാക്കി. ഈ വർഷം ക്ലാസിക്കൽ മത്സരങ്ങളിൽ ലോക ഒന്നാം നമ്പറുകാരനെ രണ്ടുതവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയാണ് പ്രഗ്‌നാനന്ദ.

തോൽവിക്കു പിന്നാലെ നിരാശയോടെ തലകുലുക്കി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ കളംവിടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഈ വിജയത്തോടെ 12 പോയിന്റുമായി പ്രഗ്‌നാനന്ദ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഈ തോൽവി.

ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യനായ കാൾസന്റെ കിരീട പ്രതിരോധം വലിയ പ്രതിസന്ധിയിലാണ്. ഈ ടൂർണമെന്റിൽ കാൾസൻ നേരിട്ട നാല് ക്ലാസിക്കൽ തോൽവികളിൽ രണ്ടെണ്ണവും സമ്മാനിച്ചത് കാൾസന്റെ ആധിപത്യത്തിന് വെല്ലുവിളിയായി ഉയർന്നുവന്ന പ്രഗ്‌നാനന്ദയാണ്.