വിംബിള്‍ഡണ്‍: ചരിത്രം കുറിച്ച് നൊവാക് ജോക്കോവിച്ച് ഫൈനലില്‍

നൊവാക് ജോക്കോവിച്ച് | Photo: twitter.com/Wimbledon
നൊവാക് ജോക്കോവിച്ച് | Photo: twitter.com/Wimbledon

ലണ്ടന്‍: സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. 

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും നേടി ഫൈനല്‍ ടിക്കറ്റെടുത്തു. സ്‌കോര്‍: 2-6, 6-3, 6-2,6-4 ജോക്കോവിച്ചിന്റെ എട്ടാം വിംബിള്‍ഡണ്‍ ഫൈനല്‍ പ്രവേശനമാണിത്. ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്.

ഈ വിജയത്തോടെ പുതിയൊരു റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കി. ഏറ്റവുമധികം തവണ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പുരുഷതാരം എന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തം പേരില്‍ കുറിച്ചത്. ഈ ഫൈനല്‍ പ്രവേശനമുള്‍പ്പെടെ 32 തവണ താരം ഗ്രാന്‍ഡ്സ്ലാമുകളില്‍ ഫൈനലിലെത്തി. 31 ഫൈനല്‍ പ്രവേശനം നേടിയ റോജര്‍ ഫെഡററുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

ഫൈനലില്‍ വിജയിച്ച് 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടാനൊരുങ്ങുകയാണ് ജോക്കോവിച്ച്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി. ഫൈനലില്‍ വിജയിച്ചാല്‍ ഏറ്റവുമധികം വിംബിള്‍ഡണ്‍ കിരീടം നേടിയ പുരുഷ താരങ്ങളുടെ പട്ടികയില്‍ ജോക്കോവിച്ചിന് രണ്ടാമതെത്താം. നിലവില്‍ ജോക്കോവിച്ചിന്റെ അക്കൗണ്ടില്‍ ആറ് വിംബിള്‍ഡണ്‍ കിരീടങ്ങളാണുള്ളത്.

മത്സരത്തിന്റെ തുടക്കത്തില്‍ നോറിയാണ് മികച്ചുനിന്നത്. ഒന്‍പതാം സീഡായ നോറി ജോക്കോവിച്ചിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ സെറ്റില്‍ നിരവധി പിഴവുകളാണ് ജോക്കോവിച്ച് വരുത്തിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ജോക്കോവിച്ച് നോറിയെ നിസ്സഹായനാക്കി. പിന്നീടുള്ള രണ്ട് സെറ്റുകളിലും മത്സരം ഏകപക്ഷീയമായിരുന്നു.

Content Highlights: novak djokovic, wimbledon 2022, djokovic final, wimbledon final, norrie, sports news, tennis news