മിയാമി ഓപ്പണ്‍ ടെന്നീസ്: നവോമി ഒസാക്ക മൂന്നാം റൗണ്ടില്‍

Photo: AFP
Photo: AFP

മിയാമി: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നവോമി ഒസാക്ക മിയാമി ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പറായ ആഞ്ജലിക് കെര്‍ബറെ തകര്‍ത്താണ് ഒസാക്ക മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജപ്പാന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-3. കെര്‍ബറിന് ഒന്നു പൊരുതാനുള്ള അവസരം പോലും ഒസാക്ക നല്‍കിയില്ല. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഒസാക്ക വീണ്ടും ടെന്നീസ് രംഗത്ത് സജീവമായത്. നാലുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് ഒസാക്ക.

2017 ന് ശേഷം ഒസാക്ക ഇതാദ്യമായാണ് കെര്‍ബറെ കീഴടക്കുന്നത്. ഇതുവരെ ആറുതവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലുതവണയും കെര്‍ബറാണ് വിജയം നേടിയത്. 

എന്നാല്‍ ടൂര്‍ണമെന്റിലെ കിരീടപ്രതീക്ഷകളായിരുന്ന ഗാര്‍ബൈന്‍ മുഗുരുസയും സിമോണ ഹാലെപ്പും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. രണ്ടാം റൗണ്ടില്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇരുവരും പിന്മാറിയത്. 

പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറായ ബ്രിട്ടന്റെ ആന്‍ഡി മുറെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഫെഡെറിക്കോ ഡെല്‍ബോണിസിനെ കീഴടക്കിയാണ് മുറെ രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 7-6, 6-1
 

Content Highlights: Naomi Osaka cruises to third round of miami open