മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ 'ജീന'

'മാതൃഭൂമി' ഒരുക്കിയ മഹാമേള വേദിയിൽ പി.എസ്. ജീന
'മാതൃഭൂമി' ഒരുക്കിയ മഹാമേള വേദിയിൽ പി.എസ്. ജീന

ചൂടന്‍ ചെമ്മീന്‍ പത്തിരി കൈയിലെടുക്കുമ്പോള്‍ ജീനയുടെ മുഖത്ത് നിലാവുദിച്ച സന്തോഷം. ''ലുധിയാനയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിച്ചത്. നാട്ടിലെത്തിയിട്ടുവേണം മീനും ഇറച്ചിയുമൊക്കെ കഴിക്കാനെന്നു വിചാരിച്ചിരിക്കുകയായിരുന്നു...'' ദേശീയ സീനിയര്‍ ബാസ്‌കറ്റ്ബോളിലെ 'മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍' അവാര്‍ഡ് നേടി തിരിച്ചെത്തിയ ജീന 'മാതൃഭൂമി' ഒരുക്കിയ മഹാമേള വേദിയിലെ നാടന്‍ ഭക്ഷണം രുചിച്ച് വിശേഷങ്ങള്‍ പങ്കിട്ടു...

എന്തൊരു തണുപ്പാണേ!

ലുധിയാനയില്‍ ഇത്തവണ ദേശീയ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ എതിരാളി തണുപ്പായിരുന്നു. ആറു ഡിഗ്രി സെല്‍ഷ്യസിലൊക്കെ കളിക്കേണ്ടിവന്നു. സ്വെറ്ററും തൊപ്പിയും കൈയുറയും ധരിച്ചാണ് ഞങ്ങള്‍ കഴിഞ്ഞത്. കളിക്കുമ്പോള്‍ ഇതൊന്നും ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. തണുപ്പ് കൂടിയതോടെ പലരും അവശരായി. ഫൈനലില്‍ കുഴഞ്ഞുപോയ അഞ്ജനയ്ക്ക് മെഡല്‍ വാങ്ങാന്‍പോലും കഴിഞ്ഞില്ല.

അരിയും വെളിച്ചെണ്ണയും

കഴിഞ്ഞതവണ ഭാവ്നഗറില്‍നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ മിക്ക കളിക്കാര്‍ക്കും ഭക്ഷണംമൂലം പ്രശ്‌നങ്ങളുണ്ടായി. ഛര്‍ദികാരണം പലരും ആശുപത്രിയിലായി. അതുകൊണ്ട് ഇത്തവണ കരുതലോടെയാണ് ലുധിയാനയിലേക്കുപോയത്. ഭക്ഷണം ഉണ്ടാക്കാന്‍ അരിയും വെളിച്ചെണ്ണയും കൊണ്ടുപോയിരുന്നു. അവിടെനിന്ന് പച്ചക്കറി വാങ്ങി വെജിറ്റേറിയന്‍ ഭക്ഷണമാണുണ്ടാക്കിയത്. ഉച്ചയ്ക്ക് കഞ്ഞിയും രാത്രി റൊട്ടിയും പരിപ്പും പനീറുമൊക്കെയായിരുന്നു ഭക്ഷണം.

പൂനവും ഫൈനലും

പൂള്‍ മത്സരങ്ങളും സെമിയുമൊക്കെ അനായാസം ജയിച്ചുകയറിയ ഞങ്ങള്‍ ഫൈനലില്‍ പരീക്ഷണം നേരിട്ടു. റെയില്‍വേസിന്റെ ഏഴടിയിലേറെ ഉയരക്കാരിയായ പൂനം ചതുര്‍വേദിയായിരുന്നു വലിയ വെല്ലുവിളി. ഒരു കൈ ഉയര്‍ത്തിയാല്‍ റിങ്ങില്‍ മുട്ടുമെന്നനിലയിലുള്ള അവളുടെ ബ്ലോക്കിങ്ങിനെ മറികടന്ന് ബാസ്‌കറ്റ് ചെയ്യല്‍ കടുപ്പമാണ്. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 49-51 എന്നനിലയില്‍ ഞങ്ങള്‍ റെയില്‍വേക്ക് ഒപ്പംപിടിച്ചതാണ്. അവസാന ക്വാര്‍ട്ടറില്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റി.

പുതുവത്സര പ്രതീക്ഷ

കളിക്കാരിയെന്നനിലയില്‍ നല്ലൊരു വര്‍ഷമാണ് കടന്നുപോകുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റീബൗണ്ടുകളിലും ബ്ലോക്കിങ്ങിലും നല്ല നിലവാരം പുലര്‍ത്താനായി. ഈ മാസം എന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സാഫ് ഗെയിംസില്‍ ചാമ്പ്യന്‍മാരായി. അടുത്തവര്‍ഷം ഫെഡറേഷന്‍ കപ്പ് അടക്കം ഒട്ടേറെ ടൂര്‍ണമെന്റുകള്‍ വരാനുണ്ട്. അതിലെല്ലാം കേരളത്തിനും ഇന്ത്യയ്ക്കുംവേണ്ടി നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്നു.

Content Highlights: most valuable player in National Senior basketball championship ps jeena

Content Highlights: