‘ചോദ്യങ്ങൾ വേഗം ചോദിക്കൂ, ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി'- വൈകാരികമായി പ്രതികരിച്ച് മീരാബായ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
മീരാബായ് ചാനു | Photo: Getty Images
മീരാബായ് ചാനു | Photo: Getty Images

ണിപ്പൂരിലെ ഇംഫാലിന് അടുത്ത കാക്ചിങ്ങിൽ നിന്ന് കഷ്ടപ്പാടുകളോട് പൊരുതിയാണ് മീരാബായ് ചാനുവെന്ന ഭാരോദ്വഹകയുടെ ഇതുവരേയുള്ള വിജയയാത്ര. ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ അവർ ഇപ്പോഴിതാ കോമൺവെൽത്ത് ഗെയിംസിൽ ഹാട്രിക് സ്വർണം കഴുത്തിലണിഞ്ഞിരിക്കുന്നു. എന്നാൽ അതിലേക്കുള്ള യാത്ര അവർക്ക് ഒട്ടും എളുപ്പമായിരുന്നില്ല.

ഭാരം കൂടിയാൽ അയോഗ്യമാക്കപ്പെടുമെന്നതിനാൽ മൂന്ന് ദിവസമായി ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന് മെഡൽനേട്ടത്തിനുശേഷം അവർ പ്രതികരിച്ചു. 'ചോദ്യങ്ങൾ വേഗം ചോദിക്കൂ, ഞാൻ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, എനിക്കുപോയി എന്തെങ്കിലും കഴിക്കണം' എന്നാണ് അവർ സമ്മാനദാന ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

'ഭാരം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതൊരു കായികതാരത്തിനും ശരീരഭാരം നിയന്ത്രിക്കുന്നത് വലിയൊരു പോരാട്ടമാണ്. ഞാൻ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുമ്പോൾ പ്രയാസങ്ങൾ കൂടും. ഈ സമയം ഭാരം ക്രമീകരിക്കുന്നതിനായി ഞാൻ എല്ലാം നിർത്തിവെക്കേണ്ടി വന്നു. മൂന്ന് ദിവസമായി എനിക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിട്ടില്ല. 50.5 കിലോഗ്രാമാണ് എന്റെ സ്വാഭാവിക ഭാരം. അതിനാൽ 49 കിലോഗ്രാമിന് 1.5 കിലോഗ്രാം കുറയ്ക്കണം, പക്ഷെ 48 കിലോഗ്രാമിന് ഇതിലും കൂടുതൽ കുറയ്ക്കണം. അത് വളരെ കഠിനമാണ'-അവർ വ്യക്തമാക്കി.

അമ്മയും പരിശീലകൻ വിജയ് ശർമയും നൽകിയ പിന്തുണയെ കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് കരച്ചിലടക്കാനായില്ല. 'സങ്കടത്തിലും സന്തോഷത്തിലും അവർ എന്റെ കൂടെ നിന്നു. ഞാൻ ഒരുപാട് സമ്മർദ്ദത്തിലായിരുന്നു. ഇന്ത്യക്കായി സ്വർണം നേടിയതിൽ ഒരുപാട് സന്തോഷമുണ്ട്.'-മീരാബായ് കൂട്ടിച്ചേർത്തു. 'ഇതിൽ വലിയ രീതിയിൽ പരിശ്രമിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഓരോ ലിഫ്റ്റിലും രണ്ട് ശ്രമങ്ങൾ മാത്രമേ നടത്തൂ എന്ന് ഞാനും കോച്ചും കരുതിയതാണ്. എന്നാൽ എന്റെ ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടു.' മീരാബായ് വ്യക്തമാക്കി.

സ്‌നാച്ചിലെ 82 കിലോയുടെ ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടത് ആശങ്കയുണ്ടാക്കി. പിന്നീട് അവർ താളം വീണ്ടെടുക്കുകയും രണ്ടാം ശ്രമത്തിൽ 85 കിലോ ഉയർത്തി ഗെയിംസ് റെക്കോർഡിടുകയും ചെയ്തു. ക്ലീൻ ആന്റ് ജെർക്കിൽ 105 കിലോ കൂടി ഉയർത്തിയതോടെ ആകെ 190 കിലോയുമായി അവർ സ്വർണം ഉറപ്പിച്ചു. വെള്ളി നേടിയ നൈജീരിയയുടെ റൂത്ത്് അസൂക്വോ മീരാബായിയേക്കാൾ 22 കിലോ കുറവാണ് ഉയർത്തിയത്. ഇതുതന്നെ മീരാബായിയുടെ പ്രകടനമികവിനെ കാണിക്കുന്നു.

Content Highlights: Mirabai Chanu secures a third consecutive Commonwealth Games gold medal., Set new Commonwealth and Games records in snatch, clean and jerk, and total lift., Overcame extreme physical challenges including a strict weight-cut process., Total lift of 190kg secured victory by a 22kg margin over the runner-up., Strategic focus shifted towards the upcoming Asian Games.