ഇതാ ലോകം കാത്തിരുന്ന ആ പോരാട്ടം, ടൈസണ്‍ വീണ്ടും റിങ്ങില്‍

ബോക്സിങ് ആരാധകര്‍ക്ക് ഇത് ഉറക്കമില്ലാ രാത്രിയാവും. നവംബര്‍ പതിനഞ്ചിന് രാത്രി ഒരു അത്ഭുതം സംഭവിക്കുകയാണ്. ഇടിക്കൂട്ടിലെ എക്കാലത്തെയും വലിയ ഇതിഹാസം മൈക്ക് ടൈസണ്‍ ഇരുപത് കൊല്ലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രൊഫഷണല്‍ ബോക്സിങ് റിങ്ങില്‍ ഇറങ്ങുകയാണ്. അതും അമ്പത്തിയെട്ടാം വയസ്സില്‍. ചില്ലറക്കാരനല്ല എതിരാളി. ബോക്സിങ് താരമായി മാറിയ പഴയ യൂട്യൂബര്‍ പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോള്‍. വയസ് ഇരുപത്തിയേഴ്. ടൈസന്റെ പകുതി.
വെള്ളിയാഴ്ച രാത്രി യു.എസിലെ ടെക്സസ് എ.ടി ആന്‍ഡ് ടി സ്റ്റേഡിയമാണ് വേദി. ഇന്ത്യന്‍ സമയം ശനിയാഴ്ച കാലത്ത് ആറ് മണിക്കാണ് പേരാട്ടം. ഏതാണ്ട് അറുപതിനായിരത്തോളം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സ്വപ്നവും യാഥാര്‍ഥ്യവും ഇഴചേര്‍ന്ന, ലോകം കാത്തിരിക്കുന്ന ഈ പോരാട്ടം നെറ്റ്ഫ്ളിക്സ് തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ മുഖംമുഖം എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചതോടെ രംഗം കൊഴുത്തുവന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും തല്‍ക്ഷണം പിടിച്ചുമാറ്റി. എട്ട് റൗണ്ട് മത്സരമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടിയുടെ ആഘാതം കുറയ്ക്കാന്‍ ഭാരം കൂടിയ ഗ്ലൗവായിരിക്കും ഉപയോഗിക്കുക.
2005ലായിരുന്നു ടൈസന്റെ അവസാന പ്രൊഫഷണല്‍ പേരാട്ടം. അതിനുശേഷം 2020ല്‍ ഒരു പ്രദര്‍ശന മത്സരത്തില്‍ റോയ് ജോണ്‍സിനെതിരെയും കളത്തിറങ്ങി. പ്രൊഫഷണല്‍ മത്സരത്തിലിറങ്ങാന്‍ ഏറെ നാളായി ആലോചിച്ചുവരുന്നുണ്ടെങ്കിലും അനാരോഗ്യം വിലങ്ങുതടിയാവുകയായിരുന്നു. വയറിലെ അള്സറായിരുന്നു വില്ലന്‍. ഇതുകാരണം ജൂലായില്‍ നടക്കേണ്ടിയിരുന്ന മത്സരം നീട്ടിവെക്കുകയാണുണ്ടായത്. പിന്നീട് 26 പൗണ്ട് ശരീരഭാരം കുറച്ച ടൈസന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മെഡിക്കല്‍ ക്ലിയന്‍സ് സ്വന്തമാക്കിയത്. 228.4 പൗണ്ടാണ് ഇപ്പോള്‍ ടൈസന്റെ ശരീരഭാരം. 227.2 പൗണ്ടാണ് ജേക്കിന്റെ ഭാരം.
ഈ തിരിച്ചുവരവ് സാധ്യമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ടൈസണ്‍ പറഞ്ഞത്. എനിക്ക് ഇനി അധികകാലമൊന്നും ബായിയില്ല. അതുകൊണ്ട് തന്നെ ഈ അവസരം പരമാവധി വിനിയോഗിക്കണം എന്നാണ് ആഗ്രഹം-ടൈസണ്‍ പറഞ്ഞു.
ഇതുവരെയായി 10-1 എന്ന പ്രൊഫഷണല്‍ കരിയര്‍ റെക്കോഡ് സ്വന്തമായുള്ള താരമാണ് ജേക്ക്. 2023 ഫെബ്രുവരിയില്‍ ടോമി ഫറിയോടായിരുന്നു ഏക തോല്‍വി. ഈ മത്സരത്തില്‍ നിന്ന് ജേക്കിന് ഏതാണ്ട് അറുപത് മില്ല്യണ്‍ ഡോളറും ടൈസണ്‍ ഇരുപത് മില്ല്യണ്‍ ഡോളറും സമ്മാനത്തുകയായി ലഭിക്കും. എന്നാല്‍, താന്‍ പണത്തിനുവേണ്ടിയല്ല, ടൈസണെ നേരിടാന്‍ തയ്യാറായതെന്നാണ് ജേക്ക് പറയുന്നത്. ടൈസനെ പോലൊരാളെ ഇതുവരെ നേരിട്ടിട്ടില്ല. തന്നേക്കാള്‍ മുപ്പത് വയസ്സിന് മൂത്ത ആളുമായി പോരാടാനുള്ള തീരുമാനത്തില്‍ ജേക്കിനെതിരേ ഇപ്പോള്‍ തന്നെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ബോക്സിങ് രംഗത്തെ എക്കാലത്തെയും മികച്ച താരവുമായി പേരാടാനുള്ള അവസരം താന്‍ നഷ്ടപ്പെടുത്തില്ലെന്നും ടൈസണ്‍ മത്സരത്തെ പ്രൊഫഷണലായാണ് കാണുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ജേക്ക് പറഞ്ഞു. എന്നാല്‍, ഈ പോരാട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര് രംഗത്തുവന്നിട്ടുണ്ട്. ടൈസന്റെ പ്രായവും ആരോഗ്യവും തന്നെയാണ് ആശങ്കയുടെ അടിസ്ഥാനം.
ഇതിന് പുറമെ വനിതാ ബോക്സിങ്ങിലെ ഇതിഹാസങ്ങളായ കെയ്റ്റ് ടെയ്ലറും അമാന്‍ഡ സെറാനോയും തമ്മിലുള്ള പോരാട്ടവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. 2022ല്‍ മാഡിസണ്‍ സ്ക്വയറിലാണ് ഇവര്‍ അവസാനമായി തമ്മില്‍ പൊരുതിയത്. അന്ന് ടെയ്ലര്‍ക്കായിരുന്നു ജയം.
Content Highlights: Mike Tyson, Jake Paul, boxing, fight, return, legend, Netflix, live stream, November 15th