ഷൂട്ടൗട്ടിൽ ബെൽജിയത്തോട് തോറ്റു, ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം

#സ്പോർട്സ് ഡെസ്ക്
ഇന്ത്യ-ബെൽജിയം മത്സരത്തിനിടെ | AFP
ഇന്ത്യ-ബെൽജിയം മത്സരത്തിനിടെ | AFP

ആംസ്റ്റൽവീൻ (നെതർലൻഡ്‌സ്): പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം. ഏഴാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ബെൽജിയത്തോട് ഇന്ത്യ തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽവി. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

മത്സരം ആരംഭിച്ച് ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ആറാം മിനിറ്റിൽ അഭിഷേകാണ് ലക്ഷ്യം കണ്ടത്. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവരുന്ന ബെൽജിയത്തെയാണ് കണ്ടത്. രണ്ടാം ക്വാർട്ടറിൽ രണ്ട് ഗോളുകളുമായി ബെൽജിയം മുന്നിലെത്തി. 22-ാം മിനിറ്റിൽ റോമൻ ദുവെകോട്ടും 23-ാം മിിനറ്റിൽ ഹ്യൂഗോ ലബുഷെയ്‌റും ഗോളടിച്ചു. അതോടെ ആദ്യപകുതിയിൽ 2-1 ന് ബെൽജിയം മുന്നിട്ടുനിന്നു.

എന്നാൽ മൂന്നാം ക്വാർട്ടറിന്റെ തുടക്കം ഹർമൻപ്രീതിലൂടെ ഇന്ത്യ സമനിലപിടിച്ചു. നാലാം ക്വാർട്ടറിൽ ലക്ഷ്യം കണ്ട് ബെൽജിയം വീണ്ടും മുന്നിലെത്തി. നിക്കോളാസ് ഡി കെർപലാണ് വലകുലുക്കിയത്. ബെൽജിയം ജയം ഉറപ്പിച്ചെങ്കിലും അവസാനമിനിറ്റിൽ ഹർമൻപ്രീതിലൂടെ ഇന്ത്യ മത്സരം സമനിലയിലാക്കി. അതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ 4-3 ന് ജയിച്ച് ബെൽജിയം ഏഴാം സ്ഥാനക്കാരായി മടങ്ങി.

Content Highlights: India secured the eighth position in the Men's Hockey World Cup., Belgium won the classification match via penalty shootout