ഇന്ത്യക്ക് നിരാശ, ഭാരോദ്വഹനത്തിൽ മെഡൽ നേടാനാവാതെ മാർട്ടിന ദേവി

#സ്പോർട്സ് ഡെസ്ക്
മാർട്ടിന ദേവി | PTI
മാർട്ടിന ദേവി | PTI

ഗ്ലാസ്‌ഗോ: വനിതകളുടെ +86 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് നിരാശ. മാർട്ടിന ദേവി മെഡൽ നേടാനാവാതെ പുറത്തായി. സ്‌നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും താരത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 245 കിലോയാണ് താരം ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ എമിലി കാംപ്‌ബെൽ(278 കിലോഗ്രാം) സ്വർണം നേടി.

സ്‌നാച്ച് റൗണ്ടിൽ മാർട്ടിനയുടെ ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. 103 കിലോ ഉയർത്താനായിരുന്നു ശ്രമം. ആദ്യ ശ്രമത്തിൽ അതിന് സാധിച്ചില്ല. രണ്ടാം ശ്രമത്തിലും പരാജയമായിരുന്നു ഫലം. എന്നാൽ മൂന്നാം ശ്രമത്തിൽ 105 കിലോ ആയി ഭാരം ഉയർത്തി. പരാജയപ്പെട്ടാൽ പുറത്തുപോകുമെന്ന സ്ഥിതി. എന്നാൽ അവസാനശ്രമത്തിൽ 105 കിലോ ഉയർത്തി മാർട്ടിന തിരിച്ചുവന്നു.

സ്‌നാച്ച് റൗണ്ട് അവസാനിക്കുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു മാർട്ടിന. ന്യൂസിലൻഡിന്റെ അലോഫ പട്ടോളോ ഒന്നാമതും ഇംഗ്ലണ്ടിന്റെ എമിലി കാംപ്‌ബെൽ രണ്ടാമതുമെത്തി. ഇരുവരും 115 കിലോ ആണ് സ്‌നാച്ചിൽ ഉയർത്തിയത്. നാലാംസ്ഥാനത്തുണ്ടായിരുന്ന കനേഡിയൻ താരം മേ ലവ് 106 കിലോ ആണ് ഉയർത്തിയത്.

ക്ലീൻ ആൻഡ് ജെർക്കിൽ കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ടുകുതിക്കാനായിരുന്നു മാർട്ടിനയുടെ ശ്രമം. ആദ്യ ശ്രമത്തിൽ 140 കിലോ ഉയർത്തി മെഡൽ പ്രതീക്ഷ സജീവമാക്കി. എന്നാൽ മെഡൽ നേട്ടത്തിലെത്താൻ അത് മതിയായിരുന്നില്ല. സ്‌നാച്ചിൽ മുന്നിലെത്തിയവർ ക്ലീൻ ആൻഡ് ജെർക്കിലും മികവ് പുലർത്തിയതോടെ മാർട്ടിനയുടെ മെഡൽ പ്രതീക്ഷ മങ്ങി. രണ്ടാം ശ്രമത്തിൽ 144 കിലോ ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. മൂന്നാം ശ്രമത്തിൽ 146 കിലോ ആയിരുന്നു ഉന്നം. എന്നാൽ അതിനും സാധിക്കാതെ വന്നതോടെ താരം നിരാശയോടെ മടങ്ങി. ആകെ 245 കിലോ ഉയർത്തിയാണ് മാർട്ടിന മടങ്ങിയത്. 278 കിലോ ഉയർത്തിയ കാംപ്‌ബെൽ സ്വർണം നേടി.

Content Highlights: Martina Devi finished 5th in the women's 86kg weightlifting category