തായ്‌ലന്‍ഡ് ഓപ്പണ്‍:ലോകചാമ്പ്യന്‍ഷിപ്പ് റണ്ണറപ്പിനെ അട്ടിമറിച്ച് മലയാളിതാരം കിരണ്‍ ജോര്‍ജ്

Photo: twitter.com/BAI_Media
Photo: twitter.com/BAI_Media

ബാങ്കോക്ക്: 2023 തായ്‌ലന്‍ഡ് ഓപ്പണില്‍ മലയാളി യുവതാരം കിരണ്‍ ജോര്‍ജിന് അട്ടിമറി വിജയം. ലോക ഒന്‍പതാം നമ്പര്‍ താരവും നിലവിലെ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമായ ചൈനയുടെ ഷി യുക്വിയെയാണ് കിരണ്‍ അട്ടിമറിച്ചത്. 

ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കിരണ്‍ വിജയം നേടിയത്. സ്‌കോര്‍: 21-18, 22-20. മത്സരം 47 മിനിറ്റ് നീണ്ടുനിന്നു. ആദ്യ ഗെയിമില്‍ 6-11 ന് പിന്നില്‍ നിന്ന കിരണ്‍ പിന്നീട് കുതിച്ചുകയറി ഗെയിം സ്വന്തമാക്കി. 

രണ്ടാം ഗെയിമില്‍ 6-0 ന് കിരണ്‍ ലീഡെടുത്തെങ്കിലും ശക്തമായ തിരിച്ചുവന്ന യുക്വി സമനില നേടി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ 15-15 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്ന യുക്വിയെ അവസാനം കിരണ്‍ അട്ടിമറിച്ചു. 

പ്രകാശ് പദുകോണ്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന കിരണിന് 23 വയസ്സ് മാത്രമാണ് പ്രായം. കൊച്ചി സ്വദേശിയായ കിരണ്‍ 2020 തോമസ് കപ്പിലും 2022 ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. അടുത്ത റൗണ്ടില്‍ ചൈനയുടെ തന്നെ വെങ് ഹോങ് യാങ്ങാണ് കിരണിന്റെ എതിരാളി. 

പുരുഷ സിംഗിള്‍സിലെ മറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു. സായ് പ്രണീത്, സമീര്‍ വര്‍മ, ലക്ഷ്യ സെന്‍ എന്നിവരും ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. 

വനിതാ സിംഗിള്‍സില്‍ രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധു ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. കാനഡയുടെ എം ലിയാണാ സിന്ധുവിനെ അട്ടിമറിച്ചത്. സ്‌കോര്‍: 8-21, 21-18, 18-21. 

എന്നാല്‍ ഇന്ത്യയുടെ മറ്റൊരു ഒളിമ്പിക് മെഡല്‍ ജേതാവായ സൈന നേവാള്‍ കാനഡയുടെ വെന്‍ യു ഷാങ്ങിനെ പരാജയപ്പെടുത്തി രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 21-13, 21-7. മറ്റൊരു ഇന്ത്യന്‍ താരമായ അഷ്മിത ചാലിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിനെ കീഴടക്കിയാണ് അഷ്മിക പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 17-21, 14-21.

Content Highlights: Kiran George upsets Shi Yuqi at Thailand Open Super 500