കിടു ശ്രീകാന്ത്

#കെ. സുരേഷ്
Photo: AP
Photo: AP

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലുമായി മടങ്ങുമ്പോള്‍ കെ. ശ്രീകാന്തിന് അത് ഉജ്ജ്വലമായ തിരിച്ചുവരവിന്റെ കഥകൂടിയാണ്. ലോക ബാഡ്മിന്‍ണ്‍ ഫെഡറേഷന്റെ സൂപ്പര്‍ സീരീസുകളിലും ഗ്രാന്‍പ്രീകളിലും തുടര്‍ച്ചയായി മെഡലുകള്‍ നേടി ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കേ നാലുവര്‍ഷംമുമ്പ് പൊടുന്നനെ നിറംമങ്ങിപ്പോയ കരിയറിന്റെ വീണ്ടെടുപ്പ്.

ലോക ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിന്റെ മാര്‍ക്ക് കല്‍ജോവിനെ തോല്‍പ്പിച്ചതോടെ ശ്രീകാന്തിന് മെഡല്‍ ഉറപ്പായിരുന്നു. പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019) എന്നിവര്‍ക്കുശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരമായി. 2017-ല്‍ ഇന്‍ഡൊനീഷ്യ, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണ്‍ സീരീസുകളില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടിക്കൊണ്ടാണ് ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ ഒന്നമാനായത്. പക്ഷേ, ആ സ്ഥാനം ഏറെക്കാലം നിലനിര്‍ത്താനായില്ല.

പരിക്കുകാരണം കുറച്ചുകാലം മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. തിരിച്ചുവരവില്‍ കാര്യമായ നേട്ടങ്ങളൊന്നും ഇല്ലാതെ നാലുവര്‍ഷത്തോളം കടന്നുപോയി. അപ്പോഴും ശ്രീകാന്തിലെ പോരാളി തളര്‍ന്നില്ല. ഇക്കുറി പന്ത്രണ്ടാം സീഡുകാരനായാണ് ലോക ചാമ്പ്യന്‍ഷിപ്പിന് എത്തിയത്.

തുടക്കം തൊട്ടേ മികച്ച ഫോമിലായിരുന്നു. ആദ്യറണ്ടില്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനെയും (21-12, 21-16) രണ്ടാം റൗണ്ടില്‍ ചൈനയുടെ ലി ഷിഫെങ്ങിനെയും (15-21, 21-18, 21-17) തോല്‍പ്പിച്ചു. മൂന്നാംറൗണ്ടില്‍ ചൈനയുടെ ലു ഗുവാങ്ഷു (21-10, 21-15)വിനെ കീഴടക്കി. നാലുമത്സരങ്ങളില്‍ മൂന്നിലും നേരിട്ടുള്ള ഗെയിമുകളില്‍ ജയിച്ചു. ക്വാര്‍ട്ടറില്‍ കല്‍ജോവിനെ (21-8, 21-7) 26 മിനിറ്റില്‍ കീഴടക്കി. സെമിയില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചത് മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിലാണ് (17-21, 21-14, 21-17). ഒടുവില്‍ ഫൈനലില്‍ കാലിടറിപ്പോയി.

Content Highlights: kidambi srikanth clinches historic silver at bwf world championships

Content Highlights: