സ്കേറ്റിങ്ങിൽ രാജ്യാന്തര തലത്തിൽ സ്വർണം കൊയ്ത് മലയാളി സഹോദരിമാർ

#ന്യൂസ് ഡെസ്ക്
ജുനിയ, ജുവിന, ജുലൈന എന്നിവർ പരിശീലകരായ അഭിജിത്തിനും വക്കാസിയയ്ക്കുമൊപ്പം
ജുനിയ, ജുവിന, ജുലൈന എന്നിവർ പരിശീലകരായ അഭിജിത്തിനും വക്കാസിയയ്ക്കുമൊപ്പം

തായ്വാൻ: തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സ്വർണ മെഡൽ നേടി കേരളത്തിൽനിന്നുള്ള സഹോദരിമാർ. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനിൽ തോമസ് പോളിൻ്റെയും എലിസബത്തിൻ്റെയും മക്കളായ ജുവിന ലിസ് തോമസും സഹോദരി ജുലൈന ലിസ് തോമസുമാണ് നേട്ടം കൈവരിച്ചത്.

ജുവിന പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി. ജുലൈന പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി. തായ്വാനിൽ മത്സരിച്ച ഇന്ത്യൻ ടീമിൽ ഒൻപത് മലയാളികളുണ്ടായിരുന്നു. എല്ലാവർക്കും മെഡൽ ലഭിച്ചു.താരങ്ങൾ മലേഷ്യയിൽ ഒരാഴ്ചത്തെ പരിശീലനം കഴിഞ്ഞേ മടങ്ങിയെത്തുകയുള്ളൂ.

ജുവിന പത്തനംതിട്ട വാഴമുട്ടം നേഷൻ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ജുലൈന ലേ മൗണ്ട് ഗ്രീൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാഥിനിയാണ്. ഇവരുടെ സഹോദരി ജുനിയ ലിസ് തോമസ് സ്കേറ്റിങ്ങിൽ ദേശീയ മെഡൽ ജേത്രിയാണ്. പത്താം ക്ലാസ് പരീക്ഷ കാരണം ഇക്കുറി മത്സരങ്ങളിൽനിന്നു വിട്ടു നിന്നതാണ്. ആർട്ടിസ്റ്റിക് സ്കേറ്റിങ്ങിൽ 2019ൽ ലോക ചാമ്പ്യനായ, പത്തനംതിട്ട സ്വദേശി അഭിജിത്ത് അമൽ രാജാണ് ഇവരുടെ പ്രധാന പരിശീലകൻ. ഏഷ്യൻ ചാമ്പ്യനായ എൻ.എൽ.വക്കാസിയയും പരിശീലിപ്പിക്കുന്നു.

Content Highlights: Kerala Sisters Win Gold at International Roller Skating in Taiwan