ബാഡ്മിന്റണില്‍ വന്‍ശക്തിയായി ഇന്ത്യ

പ്രകാശ് പദുകോണ്‍ എണ്‍പതുകളില്‍ തുടക്കമിട്ട ബാഡ്മിന്റണ്‍ വിപ്ലവമാണ് ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തില്‍ എത്തിനില്‍ക്കുന്നത്. ഇന്‍ഡൊനീഷ്യയും മലേഷ്യയും ചൈനയും കൊറിയയും കൊടികുത്തിവാണ ബാഡ്മിന്റണ്‍ കളിക്കളങ്ങളില്‍ ഇന്ത്യക്കാര്‍ക്കും വിസ്മയങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ഈ കര്‍ണാടകക്കാരനാണ് ആദ്യമായി തെളിയിച്ചത്. ബാഡ്മിന്റണിന്റെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ 1980-ല്‍ പദുകോണ്‍ സ്വര്‍ണം നേടി കൊടുങ്കാറ്റായി. ലോക ഒന്നാം നമ്പര്‍ പദവിനേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവുമായി. ഇതൊരു തുടക്കം മാത്രമായിരുന്നു.
പദുകോണ്‍ തുടക്കമിട്ട വിപ്ലവത്തിന്റെ രണ്ടാംഘട്ടം ഏറ്റെടുത്തത് പുല്ലേലാ ഗോപിചന്ദായിരുന്നു. പദുകോണിനെ പിന്തുടര്‍ന്ന് 21 വര്‍ഷങ്ങള്‍ക്കുശേഷം ഗോപിചന്ദ് ഓള്‍ ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിട്ടു. പരിക്കുകളെത്തുടര്‍ന്ന് ഏറെക്കാലം കളിക്കളത്തില്‍ തുടരാന്‍ ആന്ധ്രാതാരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍, പരിശീലനരംഗത്ത് ഗോപി മറ്റൊരു മാതൃകയൊരുക്കി. ഹൈദരാബാദിലെ ഗോപിചന്ദിന്റെ അക്കാദമിയില്‍നിന്ന് ലോകോത്തര താരങ്ങളുടെ നീണ്ട നിര തന്നെ പുറത്തുവന്നു.
ഗോപിയുടെ ശിഷ്യ സൈനാ നൈവാള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റണ്‍ മെഡല്‍ സ്വന്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലായിരുന്നു ചരിത്രംകുറിച്ച് സൈന വെങ്കലം നേടിയത്. ടെലിവിഷന്‍ യുഗത്തില്‍ രാജ്യത്ത് ബാഡ്മിന്റണിന്റെ പ്രചാരം കുത്തനെ ഉയരാന്‍ സൈനയുടെ മെഡല്‍നേട്ടം നിമിത്തമായി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കായികവിനോദമായി ബാഡ്മിന്റണ്‍ മാറി. സൈനയ്ക്കുശേഷം പി.വി.സിന്ധുവിന്റെ തേരോട്ടമായിരുന്നു. തുടരെ രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍താരം, ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യന്‍ താരം തുടങ്ങിയ നേട്ടങ്ങളെല്ലാം സിന്ധുവിനെ തേടിയെത്തി.
വനിതാവിഭാഗത്തില്‍ മാത്രമല്ല പുരുഷവിഭാഗത്തിലും തുടരെ ലോകോത്തര താരങ്ങളെ രാജ്യം സംഭാവന ചെയ്തു. പദുകോണിനുശേഷം കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുയര്‍ന്നു. ശ്രീകാന്തിന്റെ പിന്‍ഗാമിയായി ലക്ഷ്യ സെന്‍ ഉയര്‍ന്നുവന്നിരിക്കുന്നു. മലയാളികള്‍ക്ക് അഭിമാനമായി എച്ച്.എസ്. പ്രണോയിയും അട്ടിമറികള്‍ സൃഷ്ടിക്കുന്നു. ലോക റാങ്കിങ്ങില്‍ ആദ്യ ഇരുപതിലുള്ള ഇന്ത്യക്കാരുടെ എണ്ണം കൂടിവരുകയാണ്. ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ കരുത്തുതെളിയിക്കുന്നതായി സാത്വിക് സായ്രാജ് -ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന്റെ തോമസ് കപ്പിലെ പ്രകടനം അടിവരയിടുകയാണ്.
Content Highlights: thomas cup, indian badminton, thomas cup badminton, badminton, sports news, sports