എതിരില്ലാത്ത 19 ഗോളുകൾക്ക് പാകിസ്താനെ തകർത്ത് ഇന്ത്യ, ഗോളടിച്ചത് 13 പേർ

മോഖി (ചൈന): പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതകൾ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമി ഫൈനലിൽ. ചൈനയിലെ മോഖിയിൽ നടന്ന മത്സരത്തിലാണ് ടൂർണമെന്റിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഇന്ത്യ സ്വന്തമാക്കിയത്. തുടക്കം മുതൽ ഫൈനൽ വിസിൽ വരെ അറ്റാക്കിങ് ഗെയിമാണ് ഇന്ത്യ പുറത്തെടുത്തത്.
18 പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്‌ട്രോക്കുമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാൽ ഒരൊറ്റ ഗോൾ പോലും നേടാതിരുന്ന പാകിസ്താന് പെനാൽറ്റി കോർണറോ പെനാൽറ്റി സ്‌ട്രോക്കോ ലഭിച്ചതുമില്ല. ശനിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ കൊറിയയും മലേഷ്യയും തമ്മിലുള്ള മത്സരത്തിലെ വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.
പൂജാ മാലിക് ഹാട്രിക് നേടിയപ്പോൾ നാല് താരങ്ങളാണ് ഇരട്ട ഗോളുകൾ കണ്ടെത്തിയത്. റോഷ്‌നി, സാനിക, മധു, സുപ്രിയ എന്നവരാണ് രണ്ട് ഗോൾ വീതം നേടിയത്. പകരക്കാരായി ഇറങ്ങിയവരുൾപ്പെടെ 13 താരങ്ങളാണ് ഇന്ത്യക്കായി വല കുലുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യ, ആദ്യ രണ്ട് ക്വാർട്ടറുകളിൽ അഞ്ച് ഗോളുകൾ വീതവും മൂന്നാം ക്വാർട്ടറിൽ മൂന്ന് ഗോളുകളും അവസാന ക്വാർട്ടറിൽ ആറ് ഗോളുകളുമാണ് അടിച്ചുകൂട്ടിയത്. ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ഇന്ത്യ രണ്ട് പെനൽറ്റി കോർണറുകൾ നേടിയെങ്കിലും രണ്ടവസരങ്ങളും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. തുടർച്ചയായ സമ്മർദ്ദത്തിനൊടുവിൽ ആറാം മിനിറ്റിൽ ഇന്ത്യ ലക്ഷ്യം കണ്ടെങ്കിലും ആ ഗോൾ അനുവദിച്ചില്ല.
ആക്രമണം തുടർന്ന ഇന്ത്യയ്ക്ക് ഒരു മിനിറ്റിനു ശേഷം മറ്റൊരു പെനൽറ്റി കോർണർ കൂടി ലഭിച്ചു. ഏഴാം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കി പൂജ സാഹു ഇന്ത്യയ്ക്ക് 1-0ന്റെ ലീഡ് സമ്മാനിച്ചു. ഒൻപതാം മിനിറ്റിൽ റോഷ്ണി ഐന്ദ് ഫീൽഡ്‌ഗോൾ നേടിയതോടെ ഇന്ത്യയുടെ ലീഡ് ഇരട്ടിയായി. ആദ്യ ക്വാർട്ടറിലെ ഇന്ത്യയുടെ നാലാമത്തെ പെനൽറ്റി കോർണർ മറ്റൊരു ഗോളിൽ കലാശിച്ചു. 11-ാം മിനിറ്റിൽ തനുശ്രീ കഡു പന്ത് വലയിലെത്തിച്ചതോടെ സ്‌കോർ 3-0 ആയി.
പാകിസ്താന്റെ ഭാഗത്തുനിന്നും സർക്കിളിനുള്ളിൽ ഫൗൾ ഉണ്ടായതിനെ തുടർന്ന് ഇന്ത്യയ്ക്ക് പെനൽറ്റി സ്‌ട്രോക്ക് ലഭിച്ചു. 13-ാം മിനിറ്റിൽ സുഖ്‌വീർ അത് ഗോളാക്കി മാറ്റി. തുടർന്ന് അധികം വൈകാതെ സാനിക മാനെ ഫീൽഡ് ഗോളിലൂടെ സ്‌കോർ 5-0 ആയി ഉയർത്തി. 16-ാം മിനിറ്റിൽ മധു സിദാർ ഫീൽഡ് ഗോളും, രണ്ട് മിനിറ്റിനു ശേഷം ഗീത യാദവ് മറ്റൊരു ഗോളും നേടിയതോടെ ഇന്ത്യയുടെ ലീഡ് 7-0 ആയി ഉയർന്നു.
23-ാം മിനിറ്റിൽ സാനിക വീണ്ടും ലക്ഷ്യം കണ്ടു. ഇന്ത്യ 8-0ത്തിന് മുന്നിലെത്തി. തുടർന്ന് 25-ാം മിനിറ്റിൽ തനുജ ടോപ്പോ മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. ഇതോടെ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് മുന്നിലെത്തി. തുടർച്ചയായി പെനൽറ്റി കോർണറുകൾ നേടിയ ഇന്ത്യ, 27-ാം മിനിറ്റിൽ പൂജ മാലിക് വഴി വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 10-0 ആയി മാറി.
മൂന്നാം ക്വാർട്ടർ ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ മറ്റൊരു പെനൽറ്റി കോർണറിലൂടെ പൂർണിമ യാദവ് ഗോൾ നേടിയപ്പോൾ ഇന്ത്യയുടെ സ്‌കോർ 11-0 ആയി ഉയർന്നു. പെട്ടെന്ന് തന്നെ ഇന്ത്യയ്ക്ക് മറ്റൊരു പെനൽറ്റി കോർണർ കൂടി ലഭിക്കുകയും, 39-ാം മിനിറ്റിൽ മധു വീണ്ടും ലക്ഷ്യം കാണുകയും ചെയ്തു. സ്‌കോർ 12-0.
40-ാം മിനിറ്റിൽ സുപ്രിയ മറ്റൊരു പെനൽറ്റി കോർണർ കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയുടെ സ്‌കോർ 13-0 ആയി. 48-ാം മിനിറ്റിൽ കൃഷ്ണ ശർമ്മ ഫീൽഡ് ഗോളിലൂടെ ടൂർണമെന്റിലെ തന്റെ ആദ്യ ഗോൾ നേടി.
ഒരു മിനിറ്റിനു ശേഷം പൂജ തന്റെ രണ്ടാം ഗോൾ നേടി. തുടർന്ന് 51-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ട അവർ ഹാട്രിക് തികച്ചു. ഇതോടെ സ്‌കോർ 16-0 ആയി.
54-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് മറ്റൊരു പെനൽറ്റി കോർണർ കൂടി ലഭിച്ചു. അത് ഗോളാക്കി മാറ്റി സുപ്രിയ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. തുടർന്ന് 55-ാം മിനിറ്റിൽ ബിനിനിമ ധൻ ഫീൽഡ് ഗോളിലൂടെ മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. 60-ാം മിനിറ്റിൽ റോഷ്ണി തന്റെ രണ്ടാം ഗോൾ കൂടി നേടിയതോടെ മത്സരത്തിലെ സ്‌കോർ നില 19-0 ആയി അവസാനിച്ചു.
Content Highlights: India defeated Pakistan 19-0 in the Women's Junior Asia Cup., Secured a spot in the semi-finals against Korea or Malaysia., Dominated all four quarters with relentless attacking and penalty corner conversions.