തായ്‌ലന്‍ഡ് ഓപ്പണില്‍ കുതിപ്പ് തുടര്‍ന്ന് മലയാളിതാരം കിരണ്‍ ജോര്‍ജ്, സൈന പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം കിരണ്‍ ജോര്‍ജ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ലോക 26-ാം നമ്പര്‍ താരമായ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ അട്ടിമറിച്ചാണ് കിരണ്‍ ചരിത്രം കുറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കിരണിന്റെ വിജയം.
വെറും 39 മിനിറ്റുകൊണ്ട് താരം വിജയം നേടി. ലോകറാങ്കിങ്ങില്‍ നിലവില്‍ കിരണ്‍ 59-ാം റാങ്കിലാണ്. സ്‌കോര്‍: 21-11, 21-19. ആദ്യ ഗെയിം അനായാസം നേടിയ കിരണ്‍ രണ്ടാം ഗെയിമില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച് വിജയം നേടി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയറാണ് കിരണിന്റെ എതിരാളി.
ആദ്യ റൗണ്ടില്‍ ലോക ഒന്‍പതാം നമ്പര്‍ താരവും നിലവിലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ കിരണ്‍ അട്ടിമറിച്ചിരുന്നു.
എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അഷ്മിത ചാലിയയും ഒളിമ്പിക് മെഡല്‍ ജേതാവായ സൈന നേവാളും പരാജയപ്പെട്ടു. സൈനയെ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഹി ബിശ് ജിയാവോ കീഴടക്കി. സ്‌കോര്‍ 21-11, 21-14. അഷ്മിതയെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ കരോളിന മാരിനാണ് കീഴടക്കിയത്. സ്‌കോര്‍: 21-17, 21-13. ഇതോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
Content Highlights: India's Kiran Geroge Moves To Quarters, Ashmita Chaliha Bows Out Of Thailand Open