ബെയ്ജിങ്ങിലെ നാണക്കേട്, ഹൈറോക്‌സ് നിയമങ്ങളിൽ മാറ്റം

#സ്പോർട്സ് ഡെസ്ക്
ഹൈറോക്സ് മത്സരം നടക്കുന്ന വേദി | gettyimages
ഹൈറോക്സ് മത്സരം നടക്കുന്ന വേദി | gettyimages

ബെർലിൻ: ആഗോള ഫിറ്റ്‌നസ് മത്സരമായ ഹൈറോക്‌സിന്റെ നിയമത്തിൽ മാറ്റങ്ങൾ വരുത്തി സംഘാടകർ. ശനിയാഴ്ച ബെയ്ജിങ്ങിൽ മത്സരത്തിനിടെയുണ്ടായ സംഭവവികാസങ്ങളെത്തുടർന്നാണ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീരുമാനമെടുത്തത്.

വനിതാ വിഭാഗത്തിൽ ലോകറെക്കോഡിനുടമയായ ജോവാന വിയറ്റ്‌റിക് മത്സരത്തിനിടെ കടുത്ത ശാരീരിക സമ്മർദംകാരണം നിയന്ത്രിണംവിട്ട് മലവിസർജനം നടത്തി. എന്നാൽ, മത്സരം തുടരാൻ സംഘാടകർ വീണ്ടും ആവശ്യപ്പെട്ടു.

വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിക്കുകയും സംഘാടകർക്ക് വലിയ വിമർശനം ഏൽക്കുകയും ചെയ്തു. ഇതേത്തടർന്ന് ഹൈറോക്‌സ് സഹസ്ഥാപകൻ മോറിറ്റ്‌സ് ഫ്യൂർസ്റ്റെ ക്ഷമാപണം നടത്തുകയും നിയമത്തിൽ വലിയമാറ്റം കൊണ്ടുവരുമെന്നും അറിയിക്കുകയായിരുന്നു. മത്സരം പൂർത്തിയാക്കി ജൊവാന ഒന്നാംസ്ഥാനം നേടിയിരുന്നു.

മാറ്റങ്ങൾ

മുൻപ് ഏതെങ്കിലും വർക്കൗട്ട് സ്റ്റേഷൻ പൂർണമായി ചെയ്യാതിരുന്നാൽ അധിക ദൂരമോ സമയമോ പിഴയായി നൽകുകയായിരുന്നു പതിവ്. എന്നാൽ, പുതിയ നിയമപ്രകാരം, എട്ട് സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കിയില്ലെങ്കിൽ മത്സരത്തിൽനിന്ന് നേരിട്ട് പുറത്താക്കും.

അത്‌ലറ്റിന്റെ രക്തം, ഛർദിൽ, മൂത്രം, മലം തുടങ്ങിയ ശാരീരിക ദ്രാവകങ്ങൾ മത്സരസ്ഥലത്തോ ഉപകരണങ്ങളിലോ പടരുകയോ ചെയ്താൽ റേസ് ഡയറക്ടർമാർക്ക് അത്‌ലറ്റിനെ മത്സരത്തിൽനിന്ന്‌ പിൻവലിക്കാൻ പൂർണ അധികാരമുണ്ടാകും

മത്സരത്തിനിടയിൽ ടർഫിലോ കാർപ്പറ്റിലോ തുപ്പുകയോ മൂക്ക് ചീറ്റുകയോ ചെയ്താൽ ഓരോ തവണയും പിഴ ചുമത്തും

ലഞ്ചസ് ചെയ്യുമ്പോൾ സാൻഡ്ബാഗ് തറയിൽ വെച്ചാൽ മുൻപ് നേരിട്ട് അയോഗ്യയാക്കുമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് ബാഗ് താഴെവെച്ചാൽ അയോഗ്യതയ്ക്ക് പകരം ഓരോ തവണയും 15 സെക്കൻഡ് സമയ പെനാൽറ്റി ലഭിക്കും

‘പ്രോ’ വിഭാഗത്തിൽ 70-74 വയസ്സ് ഉള്ളവർക്കായി പുതിയൊരു വിഭാഗംകൂടി ഉൾപ്പെടുത്തി

Content Highlights: HYROX introduced strict rule changes following an incident at the Beijing competition