ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല നേട്ടം; ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്ന് എച്ച്.എസ് പ്രണോയ്

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ നേട്ടത്തിനു പിന്നാലെ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്. സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് പ്രണോയ് ആറാമതെത്തിയത്. കരിയറില്‍ താരത്തിന്റെ ഏറ്റവും മികച്ച റാങ്ക് കൂടിയാണിത്. ഏഴാമതെത്തിയതായിരുന്നു ഇതിനു മുമ്പത്തെ മികച്ച റാങ്ക്.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള തായ്ലാന്‍ഡിന്റെ കുന്‍ലവുട്ട് വിറ്റിദ്സരണിനോടായിരുന്നു പ്രണോയിയുടെ തോല്‍വി (21-18,13-21,14-21). ആദ്യഗെയിം അനായാസം നേടിയശേഷമാണ് പ്രണോയ് മത്സരം കൈവിട്ടത്. ഫൈനല്‍ ബര്‍ത്ത് നഷ്ടമായെങ്കിലും തലയുയര്‍ത്തിയാണ് താരം കോപ്പന്‍ഹേഗനില്‍ നിന്ന് മടങ്ങിയത്.
ലോക രണ്ടാം നമ്പര്‍ താരവും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനുമായ വിക്ടര്‍ ആക്സെല്‍സണെ പരാജയപ്പെടുത്തി വെങ്കല മെഡല്‍ ഉറപ്പിച്ചാണ് പ്രണോയ് സെമിയില്‍ കടന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 14-ാം മെഡലായിരുന്നു ഇത്.
Content Highlights: HS Prannoy Achieves Career-Best Ranking Jumps Three Spots To World No 6