കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ വെള്ളി നേടി ഗ്യാനേശ്വരി യാദവ്

#സ്പോർട്സ് ഡെസ്ക്
ഗ്യാനേശ്വരി യാദവ് | AP
ഗ്യാനേശ്വരി യാദവ് | AP

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. ഭാരോദ്വഹനത്തിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ നേടി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 199 കിലോ ഉയർത്തിയാണ് ഗ്യാനേശ്വരി വെള്ളി നേടിയത്. നൈജീരിയയുടെ ഒനോമെ ദിദി സ്വർണം നേടി.

സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ തന്നെ 82 കിലോ ഉയർത്തിയാണ് ഗ്യാനേശ്വരി യാദവ് തുടങ്ങിയത്. പിന്നാലെ രണ്ടാം ശ്രമത്തിൽ 85 കിലോ ഉയർത്തി. മൂന്നാം ശ്രമത്തിൽ വീണ്ടും പ്രകടനം മെച്ചപ്പെടുത്തി. സ്‌നാച്ചിലെ അവസാനശ്രമത്തിൽ 88 കിലോ ആണ് ഗ്യാനേശ്വരി യാദവ് ഉയർത്തിയത്. എന്നാൽ സ്‌നാച്ച് റൗണ്ട് അവസാനിക്കുമ്പോൾ രണ്ടാമതായിരുന്നു ഗ്യാനേശ്വരി. നൈജീരിയയയുടെ ഒനോമെ ദിദിയായിരുന്നു മുന്നിൽ. 93 കിലോ ആണ് നൈജീരിയൻ താരം ഉയർത്തിയത്. രണ്ടാം ശ്രമത്തിൽ 90 കിലോയും അവസാന ശ്രമത്തിൽ 93 കിലോയും ഉയർത്തിയാണ് അവർ സ്‌നാച്ചിൽ മുന്നിലെത്തിയത്.

കാനഡയയുടെ റെബേക്ക ഗ്രൗൾക്‌സ് മൂന്നാമതും ദക്ഷിണാഫ്രിക്കൻ താരം ജൊഹാനി നാലാമതുമെത്തി. റെബേക്ക 83 കിലോ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം 78 കിലോയും ഉയർത്തി.

ക്ലീൻ ആൻഡ് ജെർക്കിലും ഗ്യാനേശ്വരി മികവ് പുലർത്തി. ആദ്യശ്രമത്തിൽ 103 കിലോയും രണ്ടാം ശ്രമത്തിൽ 107 കിലോയുമാണ് ഉയർത്തിയത്. മൂന്നാം ശ്രമത്തിൽ 111 കിലോ കൂടി ഉയർത്തി താരം രണ്ടാമതെത്തി. ആകെ 199 കിലോയാണ് ഉയർത്തിയത്. സ്‌നാച്ച് റൗണ്ടിലെന്ന പോലെ ക്ലീൻ ആൻഡ് ജെർക്കിലും മികച്ച പ്രകടനം കാഴ്ചവെച്ച നൈജീരിയയുടെ ഒനോമെ ദിദി ആകെ 206 കിലോ ഉയർത്തി സ്വർണം നേടി. കാനഡയുടെ റെബേക്ക വെങ്കലം നേടി.

Content Highlights: Gyaneshwari Yadav won silver in the 53kg weightlifting category., Total lift of 199kg (88kg snatch, 111kg clean and jerk)