കല്യാണിയുടെ കരുനീക്കങ്ങള്‍; കോമണ്‍വെല്‍ത്ത് ചെസില്‍ മൂന്ന് സ്വര്‍ണവുമായി കൊടുങ്ങല്ലൂര്‍ സ്വദേശിനി

കല്യാണി സിരിൻ
കല്യാണി സിരിൻ

കൊടുങ്ങല്ലൂര്‍: അയല്‍വാസികളായ ചേട്ടന്മാരുടെ ചെസ്‌കളികണ്ട് പഠിച്ചെടുത്ത കരുനീക്കത്തിലൂടെ കല്യാണി സിരിന്‍ സുവര്‍ണനേട്ടത്തിലേക്ക്. ശ്രീലങ്കയില്‍നടന്ന കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ ട്വന്റി ഗേള്‍സ് സ്റ്റാന്‍ഡേഡ്, ബ്ലിറ്റ്സ്, വുമണ്‍സ് റാപ്പിഡ് എന്നീയിനങ്ങളില്‍ സ്വര്‍ണമെഡലുമായാണ് കൊടുങ്ങല്ലൂരില്‍നിന്നുള്ള 14-കാരി നാട്ടില്‍ തിരിച്ചെത്തിയത്.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കല്യാണി പുല്ലൂറ്റ് നായ്ക്കുളം വട്ടപ്പറമ്പില്‍ സിരിന്‍ - ധന്യ ദമ്പതിമാരുടെ മകളാണ്. ഫിഡെ റേറ്റിങ്ങില്‍ 2221 പോയിന്റുള്ള കല്യാണി അണ്ടര്‍-14 പെണ്‍കുട്ടികളുടെ ലോകറാങ്കിങ്ങില്‍ നാലാമതും ഇന്ത്യക്കാരില്‍ രണ്ടാംസ്ഥാനക്കാരിയുമാണ്. വുമണ്‍സ് ഫിഡെ മാസ്റ്റര്‍ പട്ടവും നേടി.

2022-ല്‍ ഒഡിഷയില്‍നടന്ന കെ.ഐ.ഐ.ടി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിലെ ബെസ്റ്റ് വുമണ്‍, 2022, 2023 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ജേതാവ്, സംസ്ഥാന വനിതാ ചെസ് ജേതാവ് തുടങ്ങിയ നേട്ടങ്ങള്‍ക്കുശേഷമാണിപ്പോള്‍ കോമണ്‍വെല്‍ത്ത് മത്സരത്തിലും വിജയിയായത്. രഘുനാഥന്‍ മേനോന്‍, ഇ.പി. നിര്‍മല്‍ എന്നിവരാണ് തുടക്കത്തില്‍ കല്യാണിയെ പരിശീലിപ്പിച്ചത്. ഗ്രാന്‍ഡ്മാസ്റ്ററായ ജി.എ. സ്റ്റാനിയുടെ കീഴിലാണ് ഇപ്പോള്‍ പരിശീലനം. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാനും സി.പി.ഐ. നേതാവുമായിരുന്ന വി.കെ ഗോപിയുടെ പൗത്രിയാണ് കല്യാണി. നാലാം ക്ലാസ് വിദ്യാര്‍ഥിനി ഗോപിക സഹോദരിയാണ്.

Content Highlights: 14-year-old Kalyani Sirin from Kodungallur, India, wins gold in three categories at the Commonwealth