ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പ്രണോയ്ക്ക് സെമിയില്‍ തോല്‍വി

Photo: AFP
Photo: AFP

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് സെമിയില്‍ തോല്‍വി. പുരുഷ സിംഗിള്‍സ് സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് തോറ്റത്. സ്‌കോര്‍: 21-18, 13-21, 14-21.

ആദ്യ ഗെയിം മികച്ച പ്രകടനം പുറത്തെടുത്ത് സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ട്, മൂന്ന് ഗെയിമുകളില്‍ വിദിത്സന് യാതൊരു വിധത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്കായില്ല. സെമിയില്‍ തോറ്റെങ്കിലും പ്രണോയ് വെങ്കല മെഡല്‍ സ്വന്തമാക്കി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെ അട്ടിമറിച്ച് സെമിയിലെത്തിയതോടെ പ്രണോയ് മെഡലുറപ്പിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ ആദ്യ മെഡലാണിത്.

കുന്‍ലവുത് വിദിത്സന്റെ തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ വിക്ടര്‍ അക്‌സെല്‍സനോട് തോല്‍ക്കുകയായിരുന്നു. ജപ്പാന്റെ കൊടായ് നരോക്ക, ഡാനിഷ് താരം ആന്റേഴ്‌സ് ആന്റണ്‍സെന്‍ സെമി ഫൈനല്‍ വിജയിയാകും കാലശപ്പോരില്‍ വിദിത്സന്റെ എതിരാളി.

Content Highlights: BWF World Championships Semifinal HS Prannoy Loses to Kunlavut Vitidsarn Settles With Bronze