ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ്. പ്രണോയ് സെമിയില്‍; മെഡലുറപ്പിച്ചു

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിയില്‍. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത് (13-21, 21-15, 21-16).
ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിക്കാനും പ്രണോയിക്ക് സാധിച്ചു. ആദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയ് മെഡലുറപ്പിക്കുന്നത്. ആദ്യ ഗെയിം നഷ്ടമായ ഇന്ത്യന്‍ താരം പിന്നീടുള്ള നിര്‍ണായകമായ രണ്ടു സെറ്റുകളിലും തകര്‍പ്പന്‍ പ്രകടനം നടത്തി. രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും പ്രണോയിക്ക് മുന്നില്‍ പൊരുതിനില്‍ക്കാന്‍ അക്സെല്‍സെനായില്ല. ഇതു രണ്ടാംതവണയാണ് അക്സെല്‍സെനെ തോല്‍പ്പിക്കുന്നത്. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടറില്‍ സിങ്കപ്പൂരിന്റെ ലോഹ് കീന്‍ യൂവിനെയാണ് പ്രണോയ് തോല്‍പ്പിച്ചിരുന്നത്.
സെമിയില്‍ ലോക മൂന്നാം റാങ്കുകാരന്‍ തായ്ലാന്‍ഡിന്റെ കുന്‍ലാവുത് വിദിത്സനാണ് എതിരാളി. ലോക ഒമ്പതാം റാങ്കുകാരനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്.
അതേസമയം സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമി കാണാതെ പുറത്തായി. ഡെന്‍മാര്‍ക്കിന്റെ ആന്ദ്രേസ് റാസ്മുസ്സെന്‍-കിം ആസ്ട്രപ് സഖ്യത്തിനോടാണ് തോറ്റത് (18-21, 19-21).
Content Highlights: BWF World Championships 2023 hs Prannoy beats Axelsen in three-game thriller