ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു; ശ്രീകാന്തിന് പിന്നാലെ ലക്ഷ്യാ സെന്നും സെമിയില്‍

ഹ്യുഎല്‍വ (സ്പെയ്ന്‍): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. പുരുഷന്‍മാരുടെ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിന് പിന്നാലെ ലക്ഷ്യ സെന്നും സെമി ഫൈനലിലെത്തി. ചൈനീസ് താരം സോ ജുന്‍ പെങ്ങിന്റെ വെല്ലുവിളി അതിജീവിച്ചാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 42-ാം റാങ്കുകാരനായ ചൈനീസ് താരം 19-ാം റാങ്കിലുള്ള ലക്ഷ്യ സെന്നിനെതിരേ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം 21-15ന് ലക്ഷ്യ സെന്‍ നേടി. എന്നാല്‍ ഇതേ സ്‌കോറിന് രണ്ടാം ഗെയിം ജുന്‍ പെങ് നേടി. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 22-20ന് മത്സരവും സെമി ടിക്കറ്റും ലക്ഷ്യ സെന്‍ സ്വന്തമാക്കി.
നേരത്തെ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് സെമിയിലെത്തിയത്. സ്‌കോര്‍: 21-8,21-7. തീര്‍ത്തും ഏകപക്ഷീയമായിരുന്നു വിജയം.
ഇതോടെ പ്രകാശ് പദുക്കോണ്‍, സായ് പ്രണീത് എന്നിവര്‍ക്കു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി.
അതേസമയം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ഹ്യുഎല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സിന്ധു പുറത്തായത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 21-8, 21-7. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ തായ്പേയ് താരത്തിന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചില്ല. വെറും 42 മിനിറ്റുകള്‍ക്കുള്ളില്‍ സിന്ധു തോല്‍വി സമ്മതിച്ചു.
Content Highlights: BWF World Championship 2021 Lakshya Sen joins Kidambi Srikanth in semis
Content Highlights: